വിലങ്ങാട് ദുരിതമേഖലയില്‍ കോണ്‍ഗ്രസിന്റെ സമര യാത്ര ഇന്ന്
1530273
Thursday, March 6, 2025 5:32 AM IST
വിലങ്ങാട്: ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് മലയോര മേഖലയില്‍ കോണ്‍ഗ്രസിന്റെ സമര യാത്ര ഇന്ന്. വിലങ്ങാടിനെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായാണ് പാനോം മുതല്‍ വിലങ്ങാട് വരെ വിലങ്ങാട് മേഖല കോണ്‍ഗ്രസ് കമ്മറ്റി യാത്ര നടത്തുന്നത്.
വിലങ്ങാട് ഉരുള്‍പൊട്ടല്‍ നടന്ന് എട്ടു മാസമായിട്ടും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എവിടെയും എത്തിയിട്ടില്ല. റോഡ്, പാലങ്ങള്‍ എല്ലാം തകര്‍ന്നു കിടക്കുകയാണ്. വിലങ്ങാട് - പാനോം റോഡില്‍ പള്ളിക്ക് മുന്‍വശം റോഡിന്റെ പാതി ഭാഗം പുഴയെടുത്ത നിലയിലാണ്.
മഴക്കാലത്തിന് മുമ്പ് ഇവിടങ്ങളില്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടത്തിയില്ലെങ്കില്‍ വിലങ്ങാട് നിവാസികള്‍ തീരാദുരിതത്തിലാവും. പാനോം മുതല്‍ വിലങ്ങാട് വരെ പുഴയില്‍ അടിഞ്ഞ് കൂടിയ കല്ലും മണ്ണും മരങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കുന്നതിന് 2.49 കോടി രൂപ അനുവസിച്ചെങ്കിലും നാളിത് വരെയായി പ്രവൃത്തി ആരംഭിച്ചിട്ടില്ല.
മഴക്കാലത്തിനു മുമ്പ് പുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ മറ്റൊരു ദുരന്തത്തിന് നാട് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്കി. കെപിസിസി മെമ്പര്‍ കെ.ടി. ജെയിംസ് സമരയാത്ര ഉദ്ഘാടനം ചെയ്യും. സമാപന യോഗം വിലങ്ങാട് ടൗണില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.