മലയോര ഹൈവേ: കൂരാച്ചുണ്ടില്‍ എസ്റ്റിമേറ്റ് തയാറാക്കല്‍ തുടങ്ങി
1530272
Thursday, March 6, 2025 5:32 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റര്‍ ദൂരത്തിലുള്ള റോഡിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതരും കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇന്നലെ ആരംഭിച്ചു.
നവംബറില്‍ എസ്റ്റിമേറ്റ് നടപടികള്‍ തുടരാന്‍ കഴിയാതെ വന്നിരുന്നു. ടൗണിലെ ബാലുശേരി കവല വരെയുള്ള ഭാഗത്തിന്റെ എസ്റ്റിമേറ്റ് പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ന്ന് മേലെ അങ്ങാടി വരെയുള്ള ഭാഗത്തിന്റെ എസ്റ്റിമേറ്റ് നടപടികളാണ് ആരംഭിച്ചത്. ചെമ്പ്ര മുതല്‍ കൂരാച്ചുണ്ട് ടൗണ്‍ ഒഴികെയുള്ള 9.3 കിലോമീറ്റര്‍ ദൂരം റോഡിന്റെ എസ്റ്റിമേറ്റ് നേരത്തെ തയ്യാറാക്കി സാങ്കേതിക അനുമതിക്കായി സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു.
ഇരുപത്തെട്ടാംമൈല്‍ മുതല്‍ തലയാട് പടിയ്ക്കല്വയല് വരെയുള്ള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി പുരോഗമിച്ചുവരികയാണ്.
പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ്, വൈസ് പ്രസിഡന്റ് റസീന യൂസഫ്, പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, അരുണ്‍ ജോസ്, വിന്‍സി തോമസ്, കെആര്‍എഫ്ബി ഉദ്യോഗസ്ഥരായ പ്രോജക്ട് എന്‍ജിനീയര്‍ കെ. ആദ്യുത് രാജ്, സൈറ്റ് സൂപ്പര്‍വൈസര്‍ എം.ജെ അതുല്‍, എന്‍.കെ കുഞ്ഞമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് എസ്റ്റിമേറ്റ് തയാറാക്കല്‍ പ്രവര്‍ത്തികള്‍ നടത്തുന്നത്.