സ്കൂൾ സമയത്തെ നിയന്ത്രണം : ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട ഭാരവാഹനങ്ങള്‍ക്ക് ഇളവ്
1530271
Thursday, March 6, 2025 5:32 AM IST
കോഴിക്കോട്: ടിപ്പര്‍ ലോറികളുടെ അമിത വേഗത കണക്കിലെടുത്ത് സ്കൂള്‍ പ്രവൃത്തിസമയം തുടങ്ങുന്ന രാവിലെയും ക്ലാസ് വിടുന്ന വൈകീട്ടും ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണത്തില്‍ നിന്ന് ദേശീയപാത വികസന അഥോറിറ്റിയുടെ റോഡ് പണികള്‍ക്ക് ഉപയോഗിക്കുന്ന വലിയ ഭാരവാഹനങ്ങള്‍ക്ക് ഇളവ് നല്കി.
റോഡ് നിര്‍മാണത്തിനാവശ്യമായ പ്രവര്‍ത്തന സാമഗ്രികള്‍ നിശ്ചിത സമയത്ത് കൊണ്ട് പോകാന്‍ സാധിക്കാത്തത് മൂലം ദേശീയപാത നിര്‍മാണ പ്രവൃത്തികളില്‍ കാലതാമസം നേരിടുന്നത് കണക്കിലെടുത്താണ് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തത്.
കര്‍ശന ഉപാധികളോടെ ദേശീയപാത നിര്‍മാണ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 12000 കിലോ ഭാരത്തിന് മുകളിലുള്ള ഹെവി വാഹനങ്ങള്‍ക്കാണ് ഈ ഇളവ് ബാധകമാവുക. ഇത് സംബന്ധിച്ച് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 116 പ്രകാരമുള്ള ബോര്‍ഡുകളും ആവശ്യമായ സ്ഥലങ്ങളില്‍ സ്ഥാപിക്കും. ഈ വാഹനങ്ങള്‍ തിരിച്ചറിയുന്നതിന് ആര്‍ടിഒ ഒപ്പ് വെച്ച സ്റ്റിക്കറുകളും വാഹനത്തില്‍ പതിക്കും. വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ദേശീയപാത അധികൃതര്‍ മുന്‍കൂറായി ആര്‍ടിഒയ്ക്ക് സമര്‍പ്പിക്കും.
ഈ തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നും തടസങ്ങള്‍ നേരിടുന്നുവെങ്കില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിച്ചു മുന്നോട്ട് പോകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം സി. മുഹമ്മദ് റഫീക്ക്, കോഴിക്കോട് റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എല്‍.സുരേഷ് ബാബു, കോഴിക്കോട് നോര്‍ത്ത് ട്രാഫിക് എസിപി കെ.എ.സുരേഷ് ബാബു എന്നിവരും വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് സി.എസ്.സന്തോഷ് കുമാര്‍, ടി.പി.യൂസുഫ്, സി.എം.അന്‍സാര്‍, ഹണി ശിവാനന്ദ്, ടി.ജനില്‍ കുമാര്‍, ഉജ്ജ്വല്‍ കുമാര്‍, ഇ.കെ.മുഹമ്മദ് ഷാഫി, രാജ് സി. പോള്‍ തുടങ്ങിയവരും പങ്കെടുത്തു.