വനംവകുപ്പിന്റെ നിസംഗതക്കെതിരേ കക്കയത്ത് വഞ്ചനാദിനാചരണം സംഘടിപ്പിച്ച് എകെസിസി
1530266
Thursday, March 6, 2025 5:12 AM IST
കൂരാച്ചുണ്ട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ടിയില്‍ ഏബ്രഹാം എന്ന കര്ഷകന് കൊലപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും വനംവകുപ്പ് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് കൂരാച്ചുണ്ട് ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു.
കക്കയം ഫോറസ്റ്റ് സ്റ്റേഷനു മുന്പില് നടന്ന പ്രതിഷേധ പരിപാടി എകെസിസി രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിച്ചു വേണം നിയമങ്ങള്‍ നടപ്പാക്കേണ്ടതെന്നും മൃഗാധിപത്യത്തിന്റെയും വന്‍കിട കുത്തക രാജ്യങ്ങളുടെയും അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടി മനുഷ്യനെ കുരുതി കൊടുക്കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തുന്നതിനെതിരേ ശക്തമായ പ്രതിഷേധമുയരണമെന്നും ഫാ. സബിന്‍ തൂമുള്ളില്‍ പറഞ്ഞു.
വന്യജീവി ശല്യം തടയുമെന്ന വാഗ്ദാനം വനംവകുപ്പ് പാലിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അധ്യക്ഷത വഹിച്ച ഫൊറോന ഡയറക്ടര്‍ ഫാ. വിന്‍സെന്റ് കണ്ടത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന് പ്രമേയം പാസാക്കിയ ചക്കിട്ടപാറ പഞ്ചായത്തിനെ പിന്തുടര്ന്നുകൊണ്ട് കേരളത്തിലെ മറ്റെല്ലാ പഞ്ചായത്തുകളും ഈ പ്രമേയം പാസാക്കണമെന്നും അദേഹം പറഞ്ഞു. എകെസിസി രൂപത പ്രസിഡന്റ് ഡോ.ചാക്കോ കാളാംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കല്ലാനോട് യൂണിറ്റ് ഡയറക്ടര്‍ ഫാ. ജിനോ ചുണ്ടയില്‍ പ്രമേയം അവതരിപ്പിച്ചു.
ചക്കിട്ടപാറ യൂണിറ്റ് ഡയറക്ടര്‍ ഫാ. പ്രിയേഷ് തേവടിയില്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കക്കയം യൂണിറ്റ് ഡയറക്ടര്‍ ഫാ. വിന്‍സെന്റ് കറുകമാലില്‍, രൂപത സെക്രട്ടറിമാരായ ഷാജി കണ്ടത്തില്‍, ജോണ്സണ് കക്കയം, രൂപത ട്രഷറര്‍ സജി കരോട്ട്, ജോസ് ചെറുവള്ളില്‍, സണ്ണി എമ്പ്രയില്‍ എന്നിവര്‍ പ്രസംഗിച്ചു. നിമ്മി പൊതിയിട്ടേല്‍,ബോബന് പുത്തൂരാന്‍, ബേബി വട്ടോട്ടുതറപ്പേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.