സമരത്തില്‍ പങ്കെടുത്ത പതിനഞ്ചുകാരനെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധമുയരുന്നു
1530264
Thursday, March 6, 2025 5:12 AM IST
കോഴിക്കോട്: മേപ്പയൂര്‍ പുറക്കാമലയില്‍ ക്വാറി ഖനനത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത പതിനഞ്ചുകാരനെ പോലീസ് മര്‍ദിച്ചതിനെതിരേ പ്രതിഷേധമുയരുന്നു. ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിയെയാണ് പോലീസ് അതിക്രൂരമായി മര്‍ദിച്ച് പോലീസ് വാനിന് കയറ്റി കൊണ്ടുപോയത്.
മേപ്പയൂര്‍ പുറക്കാലമലയില് ഖനനത്തിനെതിരേ തദ്ദേശ വാസികള്‍ ചൊവ്വാഴ്ച നടത്തിയ സമരത്തിനിടെയാണ് സംഭവം. സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ഖനനനത്തിന് യന്ത്ര സാമഗ്രികളുമായി എത്തിയ ക്വാറി സംഘത്തെ നാട്ടുകാര്‍ തടഞ്ഞിരുന്നു. വന്‍ പോലീസ് സംഘം ക്വാറി സംരക്ഷിക്കുന്നതിനായി നിലയുറപ്പിച്ചിരുന്നു.
ജനക്കൂട്ടത്തിനിടയില്‍നിന്ന് പതിനഞ്ചുകാരനെ എട്ടുപോലീസുകാര്‍ ചേര്‍ന്ന് പിടികൂടി റോടിലൂടെ വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഒരു പോലീസുകാരന് കഴുത്തില്‍ കുത്തിപിടിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ പോലീസുകാര്‍ മര്‍ദിച്ചുവെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും ബാലാവകാശ കമ്മിഷനും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് നടപടിക്കെതിരേ വിവിധ സംഘടനകള്‍ രംഗത്തുവന്നു.