വയനാടന്‍ ചുരത്തില്‍ കുരിശിന്റെ വഴി നാളെ മുതല്‍
1530262
Thursday, March 6, 2025 5:12 AM IST
കോഴിക്കോട്: ഈശോയുടെ പീഡാനുഭവത്തെ സ്മരിച്ച് വയനാടന്‍ ചുരത്തില്‍ കുരിശിന്റെ വഴിക്ക് നാളെ തുടക്കമാവും. ദുഃഖവെള്ളി കഴിയുന്നതുവരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലും ചുരത്തില്‍ ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴി ഉണ്ടാകുമെന്ന് അടിവാരം ഗെദ്സമേന്‍ ഷൈന്‍ ഡയറക്ടര്‍ ഫാ. തോമസ് തുണ്ടത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുരിശിന്റെ വഴി നടക്കുന്ന ദിവസങ്ങളില്‍ ദിവ്യബലിയും നേര്‍ച്ച ഭക്ഷണവുമുണ്ടാകും. കുമ്പസരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ എട്ടരയ്ക്ക് ലക്കിടിയില്‍നിന്ന് ആരംഭിക്കും. വൈദിക വിദ്യാര്‍ഥികളാണ് കുരിശിന്റെ വഴി നയിക്കുക. ഡോ. സെബാസ്റ്റ്യന്‍ കിഴക്കേയില്‍ വചന സന്ദേശം നല്‍കും. ഒന്നരയ്ക്ക് മൗണ്ട് സീനായിയില്‍ എത്തിച്ചേരും.14ന് ഇടവകകള്‍ നയിക്കുന്ന കുരിശിന്റെ വഴിക്ക് ഫാ. ജോയി ചെറുവത്തൂര്‍ വിസി വചനസന്ദേശം നല്‍കും.
21ന് ഫാ. അന്വിന് മണ്ണൂര്‍ സിഎംഐ വചനസന്ദേശം നല്കുന്ന കുരിശിന്റെ വഴിക്ക് ഭക്ത സംഘടനകളും 28ന് ഫാ. ജേക്കബ് മുരിക്കുന്നേല്‍ സിഎംഐ വചനസന്ദേശം നല്കുന്ന കുരിശിന്റെ വഴിക്ക് സ്കൂളുകളും കോളജുകളും നേതൃത്വം നല്‍കും. ഏപ്രില്‍ നാലിന് ആശുപത്രികളാണ് നേതൃത്വം നല്‍കുക. ഫാ. സിബി പുളിക്കല്‍ സിഎംഐ വചനസന്ദേശം നല്‍കും. 11ന് കുരിശിന്റെ വഴിക്ക് കെ.സി. റോസക്കുട്ടി വചനസന്ദേശം നല്‍കും. പുരോഹിതരും കന്യാസ്ത്രീകളും നേതൃത്വം നല്‍കും.
ദുഃഖവെള്ളി ദിനത്തില്‍ നടക്കുന്ന കുരിശിന്റെ വഴിക്ക് രാവിലെ 7.30ന് ഫാ. ജോയി ചെറുവത്തൂര്‍ വിസി സന്ദേശവും പത്തുമണിക്ക് വികാരി ജനറല്‍ ഡോ. ജോസി താമരശേരി സിഎംഐ ദുഃഖവെള്ളി സന്ദേശവും നല്‍കും. പതിനാറു കിലോമീറ്റര്‍ യാത്രയില്‍ യേശുവിന്റെയും മാതാവിന്റെയും ഭക്തസ്ത്രീകളുടെയും വേഷമണിഞ്ഞവർ പരിഹാര പ്രദക്ഷിണത്തിനുമുന്നില് നടന്നുനീങ്ങും.
വിശ്വാസികള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചതായി അദ്ദേഹം അറിയിച്ചു. ജലപാനീയവും ആംബുലന്‍സ് അടക്കമുള്ള വൈദ്യ സഹായവും ലഭ്യമാക്കും. 1992-ല്‍ താമരശേരി ചുരത്തില്‍ ആരംഭിച്ച കുരിശിന്റെ വഴി 34-ാം വര്‍ഷമാണ് ഇത്തവണ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫാ. അന്വിന് മണ്ണൂര്‍ സിഎംഐ, ജോസഫ് അഗസ്റ്റിന് കീപ്പുറം, ടിന്റു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.