താമരശേരിയിലെ വിദ്യാര്‍ഥിയുടെ കൊലപാതകം : സൈബര്‍ പോലീസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചു
1530261
Thursday, March 6, 2025 5:12 AM IST
താമരശേരി: പത്താംക്ലാസ് വിദ്യാര്‍ഥിയായ താമരശേരി ചുങ്കം പുല്ലോറക്കുന്ന് മുഹമ്മദ് ഷഹബാസിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഷഹബാസിന്റെ വീട്ടില്‍ സൈബര്‍ പോലീസ് സെല്‍ പരിശോധന നടത്തി. ഷഹബാസിന് ഫോണ്‍ വഴി എന്തെങ്കിലും ഭീഷണിയോ സന്ദേശമോ വന്നിട്ടുണ്ടോ എന്നറിയാനായിരുന്നു പരിശോധന.
കുറ്റാരോപിതരുമായി എന്തെങ്കിലും സന്ദേശം കൈമാറ്റം ഉണ്ടായോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പാക്കി അന്വേഷണവുമായി മുന്നോട്ടു നീങ്ങാനാണ് പോലീസിന്റെ തീരുമാനം.
അതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങളുടെ ആധികാരികത സംബന്ധിച്ച് പോലീസ് മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചിരിക്കുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ ആറ് വിദ്യാര്‍ഥികള്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇവര്‍ക്ക് പോലീസ് സുരക്ഷയില്‍ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കുറ്റാരോപിതര്‍ പരീക്ഷയെഴുതുന്ന ജുവൈനല്‍ ഹോമിനു മുമ്പില്‍ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ തുടര്‍ച്ചയായി പ്രതിമഷധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട് .