മയക്കുമരുന്ന് ലഹരിയില്‍ ഡ്രൈവിംഗ്: ഥാര്‍ ടിപ്പറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
1530260
Thursday, March 6, 2025 5:12 AM IST
താമരശേരി: താമരശേരിയ്ക്കടുത്ത് ചാലക്കരയില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് അമിതവേഗതയില്‍ ഓടിച്ച ഥാർ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്. താമരശേരി അമ്പായത്തോട് മീനംകുളത്തുചാല്‍ റോഷന് ജേക്കബ്, തെങ്ങുകയറ്റ തൊഴിലാളിയായ അനിയാച്ചന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 11നാണ് സംഭവം. റോഷന് ഗുരുതരമായി പരിക്കേറ്റു.
താമരശേരി ഭാഗത്തുനിന്നും ബാലുശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും എതിര്‍ദിശയില്‍ വന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്. അനിയാച്ചന്‍ ജീപ്പിലെ യാത്രക്കാരനായിരുന്നു. റോഷനാണ് ജീപ്പ് ഓടിച്ചത്. എംഡിഎംഎ സഹിതം പിടിയിലായതിനും അമ്പായത്തോട്ടില്‍ സ്ത്രീയെ പട്ടിയെക്കൊണ്ട് കടിപ്പിച്ചതിനും കണ്ണൂരില്‍ പോലീസിനു നേരെ തോക്കു ചൂണ്ടിയതിനും റോഷനെതിരേ മുന്‍പ് പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരെ കണ്ണൂര്‍ പോലീസ് കാപ്പ ചുമത്തുകയും ചെയ്തിതിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇയാള്‍ റോഡിലൂടെ അമിത വേഗതയില്‍ ഥാര്‍ ജീപ്പ് ഓടിച്ചു നടക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്നലെ രാവിലെ ചെക്ക് പോസ്റ്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കുള്ള ഗേറ്റും ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിന്റെ ഗേറ്റും ജീപ്പ് ഉപയോഗിച്ച് തകര്‍ത്തിരുന്നു.
ജീപ്പിലുണ്ടായിരുന്നവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ജീപ്പില്‍ നാടന്‍ ചാരായ കുപ്പികളും ഉണ്ടായിരുന്നു.