ലഹരിസംഘങ്ങളുടെ അതിക്രമം; പ്രതിഷേധ പ്രകടനം നടത്തി
1513772
Thursday, February 13, 2025 7:39 AM IST
ചങ്ങരംകുളം: ലഹരി സംഘങ്ങളുടെ അതിക്രമങ്ങള്‍ക്കെതിരെ ഉദിനുപറമ്പില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഉദിനുപറമ്പില്‍ നാട്ടുകാരായ യുവാക്കള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പൊതുപ്രവര്‍ത്തകനായ സുബൈറിന് വെട്ടേല്ക്കുകുയയും മറ്റു രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഉദിനുപറമ്പ് മേഖലയിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
സ്ത്രീകളും കുട്ടികളും അടക്കം നൂറുക്കണക്കിനാളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രദേശത്ത് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ വ്യാപകമായെന്നും ഇത് നാടിന്റെ സമാധാനം കെടുത്തുന്ന അവസ്ഥയിലെത്തിയെന്നും നാടൊന്നായി ഈ സാമൂഹ്യ വിപത്തിനെ നാട്ടില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ ഒന്നിക്കുകയാണെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ലഹരി വിരുദ്ധസമിതി ഭാരവാഹി അനസ് ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു. കപ്പൂര്‍ പഞ്ചായത്ത് അംഗവും പൊതുപ്രവര്‍ത്തകനുമായ ശിവന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ശശി പൂക്കേപുറത്ത്, സുബൈര്‍ കൊഴിക്കര,സിദീഖ് പന്താവൂര്‍ തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പ്രസംഗിച്ചു.