കാത്തിരിപ്പിന് വിരാമം; ചന്തക്കുന്ന് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം 21ന്
1600141
Thursday, October 16, 2025 5:21 AM IST
നിലന്പൂർ: ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിലന്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം നടത്താൻ തീരുമാനം. 21ന് നോർക്ക ചെയർമാനും മുൻ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് കേർപ്പറേഷന്റെ (കെയുആർഡിഎഫ്സി) സഹകരണത്തോടെ അഞ്ച് കോടി രൂപ ചെലവിലാണ് ബസ് സ്റ്റാൻഡ് ആദ്യഘട്ട നിർമാണം നടത്തുന്നത്. സർക്കാർ ഏജൻസിയായ സിൽക്കിനാണ് നിർമാണ ചുമതല. ബസ് ബേ പാർക്കിംഗ്, മയ്യന്താനി ഭാഗത്തേക്കുള്ള റോഡ് എന്നിവയാണ് ആദ്യഘട്ടത്തിൽ നിർമിക്കുക.
തുടർന്ന് അഞ്ച് കോടി രൂപ കൂടി ഫണ്ട് വകയിരുത്തി ഷോപ്പിംഗ് കോംപ്ലക്സും നിർമിക്കും. മൾട്ടി തിയേറ്റർ, കോണ്‍ഫറൻസ് ഹാൾ, വയോജന, ഭിന്നശേഷി സൗഹൃദഹാൾ, തൊഴിൽ അന്വേഷണ-പരിശീലന കേന്ദ്രം തുടങ്ങിയവയും ഷോപ്പിംഗ് കോംപ്ലക്സിൽ നിർമിക്കുമെന്ന് ചെയർമാൻ പറഞ്ഞു.
ചന്തക്കുന്ന് പഴയ ബസ് സ്റ്റാൻഡ് മുന്നൊരുക്കങ്ങളില്ലാതെ യുഡിഎഫ് മുൻ ഭരണ സമിതി പൊളിച്ചിടുകയായിരുന്നുവെന്നും തുടർന്ന് വന്ന എൽഡിഎഫ് ഭരണസമിതി പിപിപി, ബിഒടി അടിസ്ഥാനത്തിൽ സ്റ്റാൻഡ് നിർമിക്കാൻ ശ്രമം നടത്തിയപ്പോൾ യുഡിഎഫ് തുരങ്കം വച്ചുവെന്നും അവസാന ശ്രമം എന്ന നിലയിലാണ് കെയുആർഡിഎഫ്സിയിൽ നിന്ന് വായ്പയെടുത്ത് പദ്ധതി യാഥാർഥ്യമാക്കാൻ നഗരസഭ തീരുമാനിച്ചതെന്നും മാട്ടുമ്മൽ സലീം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍മാരായ കക്കാടൻ റഹീം, സ്കറിയ കിനാംതോപ്പിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അതേ സമയം 2020ൽ എൽഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നാൽ ചന്തക്കുന്ന് ബസ് സ്റ്റാൻഡ് മൂന്ന് മാസത്തിനുള്ളിൽ തുടങ്ങുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഭരണ സമിതി തുടക്കം കുറിക്കുന്നത്. യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് ചന്തക്കുന്ന് ബസ് സ്റ്റാൻഡ് പൊളിച്ചതിനാൽ കഴിഞ്ഞ ഏഴ് വർഷമായി യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്.