പി.സി. അബ്ദുറഹ്മാൻ മികച്ച പഞ്ചായത്ത് പ്രസിഡന്റ്
1600143
Thursday, October 16, 2025 5:21 AM IST
മഞ്ചേരി: ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള മൂന്നാമത് കടന്പോട്ട് ബാപ്പു ഹാജി സ്മാരക അവാർഡിന് പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹ്മാൻ അർഹനായി.
പഞ്ചായത്തിൽ അഞ്ച് വർഷത്തിനുള്ളിൽ നടന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനായി തെരഞ്ഞെടുത്തത്. സി.പി. സൈതലവി, അഡ്വ. ഹനീഫ പുതുപറന്പ്, സി.കെ.എ. റസാഖ് എന്നിവരാണ് ജൂറി അംഗങ്ങൾ.
കൗമാരക്കാരായ കുട്ടികൾക്കായി നടപ്പാക്കിയ ചങ്ങാത്തം പുൽപ്പറ്റ, ലോകത്തിലെ ആദ്യത്തെ എംജിയു3എ പഞ്ചായത്ത് എന്ന പദവി, പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്കായി നടപ്പാക്കിയ ഒപ്പം ഒപ്പത്തിനൊപ്പം, ഭിന്നശേഷിക്കാരുടെ വിനോദയാത്ര, വിപുലമായ ബഡ്സ് സ്കൂൾ ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ എന്നിവയെല്ലാം അഞ്ച് വർഷത്തിനുള്ളിൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പുൽപ്പറ്റ പഞ്ചായത്തിൽ നടന്ന നൂതന പ്രവർത്തനങ്ങളാണ്. 2013 ൽ സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള ഗ്രാമസ്വരാജ് അവാർഡും പി.സി. അബ്ദുറഹ്മാന് ലഭിച്ചിട്ടുണ്ട്.
ഒക്ടോബർ അവസാന വാരം ഒതുക്കുങ്ങലിൽ അവാർഡ് വിതരണം ചെയ്യുമെന്ന് കടന്പോട്ട് ബാപ്പു ഹാജി ഫൗണ്ടേഷൻ അംഗങ്ങളായ പാലേരി മുഹമ്മദ്, സി.ടി. അഹമ്മദ് കുട്ടി, കെ.പി. മുഹമ്മദ്കുട്ടി, കടന്പോട്ട് മൂസഹാജി, ടി.ടി. ബാവ, കെ.സി. നാസർ, ടി. ഫസലുറഹ്മാൻ എന്നിവർ അറിയിച്ചു.