ഡോ. എം.എസ്. നായര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്നു മുതല്‍
1496298
Saturday, January 18, 2025 5:38 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജോളി റോവേഴ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 42ാമത് ഡോ. എം.എസ്.നായര്‍ മെമ്മോറിയല്‍ ഓള് കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്നാം ഘട്ടം ഇന്ന് പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഫെബ്രുവരി 11നായിരിക്കും ഫൈനല്‍ മത്സരം. കേരളത്തിലെ 34 പ്രമുഖ ക്രിക്കറ്റ് ക്ലബുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ രഞ്ജിതാരങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിലെ അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാര്‍ പങ്കെടുക്കും.
കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ എലൈറ്റ് ടൂര്‍ണമെന്റ് വിഭാഗത്തില്‍പ്പെട്ട ഈ ടൂര്‍ണമെന്റ് കേരളാ സ്റ്റേറ്റ് ടീമിലേക്കുള്ള കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന് ടൂര്‍ണമെന്റ് കൂടിയായി പരിഗണിക്കപ്പെടുന്നു.ഒന്നാംഘട്ടത്തില്‍ 28 ടീമുകള്‍ 30 ഓവര്‍ വീതമുള്ള നോക്കൗട്ട് മത്സരങ്ങളില്‍ പങ്കെടുക്കും.
ഇതില്‍ നിന്ന് യോഗ്യത നേടുന്ന രണ്ട് ഫൈനലിസ്റ്റുകളെ രണ്ടാംഘട്ടത്തിലെ ആറ് ടീമുകളോടൊപ്പം ചേര്‍ത്ത് എട്ടു ടീമുകളാക്കും. തുടര്‍ന്ന് നാല് ടീമുകളുള്ള രണ്ട് പൂളുകളായാണ് 30 ഓവര്‍ വീതമുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ലീഗ് രീതിയില്‍ നടക്കുക. ക്വാര്‍ട്ടര്‍ ഫൈനലിലെ ഒരോ പൂളില്‍ നിന്നുമുള്ള രണ്ട് ടീമുകള്‍ 50 ഓവര്‍ വീതമുള്ള സെമി ഫൈനലില്‍ ഏറ്റുമുട്ടും.