റവന്യു ജീവനക്കാരുടെ കൃഷിത്തോട്ടം ശ്രദ്ധേയമാകുന്നു
1496027
Friday, January 17, 2025 5:13 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് മുകളില്‍ റവന്യു ജീവനക്കാരുടെ പച്ചക്കറി കൃഷി തോട്ടം ശ്രദ്ധേയമാകുന്നു. മഴ മറയ്ക്കുള്ളിലാണ് പച്ചക്കറി കൃഷിത്തോട്ടം ഒരുക്കിയത്.
ജീവനക്കാര്‍ ജോലി സമയം കഴിഞ്ഞുള്ള സമയങ്ങളിലാണ് പച്ചക്കറി നട്ടു നനച്ചുണ്ടാക്കിയത്. ഈ പച്ചക്കറി തോട്ടത്തില്‍നിന്ന് വിളവെടുപ്പും തുടങ്ങി. ഗ്രോ ബാഗുകളിലാണ് കൃഷി ചെയ്തത്.
ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജെയസന്റ് മാത്യു, മണികണ്ഠന്, ക്ലാര്‍ക്കുമാരായ ജിജിന്, റാഷിദ്, അനില്‍, ഡ്രൈവര്‍ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്. തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, കാബേജ് തുടങ്ങിയവയാണ് കൃഷി ചെയ്തത്.
പച്ചക്കറി കൃഷി കഴിഞ്ഞാല്‍ പിന്നെ ഈ മഴ മറയ്ക്കുള്ളില്‍ പൂന്തോട്ടം ഒരുങ്ങും. മിനി സിവില്‍ സ്റ്റേഷനിലെ ഓണാഘോഷത്തിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഇവിടെ ജീവനക്കാര്‍ പൂന്തോട്ടവും ഒരുക്കുന്നത്.