മഞ്ചേരി നെല്ലിപ്പറമ്പ് റോഡ് തകര്‍ച്ചയില്‍; അറ്റകുറ്റപ്പണി ഉടന്‍
1467048
Thursday, November 7, 2024 12:58 AM IST
മഞ്ചേരി: മഞ്ചേരി ജസീല ജംഗ്ഷന് മുതല്‍ നെല്ലിപ്പറമ്പ് വരെ തകര്‍ന്ന് ഗതാഗതം ദുസഹമായ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പൊതുമരാമത്ത് തീരുമാനം. തകര്‍ന്ന ഭാഗത്ത് ഇന്റര്ലോക്ക്് വിരിക്കാനും അവശേഷിക്കുന്നയിടങ്ങളിലെ കുഴികള്‍ നികത്തി ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് തവണ റോഡിലെ കുഴികള്‍ താത്ക്കാലികമായി അടച്ചിരുന്നുവെങ്കിലും കനത്ത മഴയില്‍ വീണ്ടും കുഴികള്‍ രൂപപ്പെടുകയായിരുന്നു.
റോഡിന്റെ തകര്‍ച്ച സംബന്ധിച്ച് ഏറെക്കാലമായി പരാതികളും പ്രതിഷേധങ്ങളും നടന്നുവരികയായിരുന്നു. നാളിതുവരെ തീരുമാനങ്ങളും നടപടികളും ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇന്നലെ അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ, നഗരസഭാധ്യക്ഷ വി.എം. സുബൈദ എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും
മുസ്ലിം ലീഗ് പ്രവര്‍ത്തകരും മഞ്ചേരി കച്ചേരിപ്പടിയിലെ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ നേരിട്ടെത്തി പ്രതിഷേധിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥായാണെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം ശക്തമാക്കി. ഇനി കുഴികള്‍ അടക്കേണ്ടെന്നും ഒന്നര കിലോമീറ്റര്‍ ദൂരം മുഴുവനായും ബിഎംബിസി ചെയ്യണമെന്നും സമരക്കാര്‍ നിലപാടെടുത്തു. പ്രതിഷേധം പലപ്പോഴും വാക്കുതര്‍ക്കത്തിലേക്കും കൈയാങ്കളിയുടെ വക്കോളമെത്തി.
എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ചീഫ് എന്‍ജിനീയറുമായി ബന്ധപ്പെട്ട് പരിഹാരം തേടിയെങ്കിലും സാമ്പത്തിക പ്രതിസന്ധി തടസമായി. ഇതിനിടെ റോഡ് മെയിന്റനന്‍സ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനിയറെയും അസിസ്റ്റന്റ് എന്‍ജിനിയറെയും വിളിച്ചുവരുത്തി. അറ്റകുറ്റപ്പണി നടത്താനുള്ള ഫണ്ട് മാത്രമാണുള്ളതെന്നും മുഴുവനായും ബിഎംബിസി ചെയ്യാന്‍ സാധിക്കില്ലെന്നും ഇവരും അറിയിച്ചതോടെ സമരക്കാര്‍ പ്രതിഷേധം ശക്തമാക്കി. ഓഫീസിന്റെ വാതിലടച്ച് പ്രതിഷേധം കനപ്പിച്ചു. ഇതിനിടെ പോലീസ് എത്തിയെങ്കിലും പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചതോടെ പോലീസ് മടങ്ങി. രണ്ട് മണിക്കൂറോളം നീണ്ട മാരത്തണ്‍ പ്രതിഷേധത്തിനൊടുവില്‍ മറ്റൊരു റോഡ് നവീകരിക്കുന്നതിനായി നീക്കിവച്ച ഫണ്ടുപയോഗിച്ച് പ്രവൃത്തി നടത്താമെന്ന് അറിയിച്ചതോടെയാണ് സമരം അവസാനിച്ചത്.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, എന്‍.കെ. ഖൈറുന്നീസ, എന്‍.എം. എല്‍സി, കൗണ്‍സിലര്‍മാരായ ടി.എം. നാസര്‍, മരുന്നന്‍ മുഹമ്മദ്, എന്‍.കെ. ഉമ്മര്‍ ഹാജി, അഷ്റഫ് കാക്കേങ്ങല്‍, ഹുസൈന് മേച്ചേരി, ജസീനാബി അലി, മുഹ്മിദ ഷിഹാബ്, ഫാത്തിമ സുഹ്റ, മണ്ഡലം ഭാരവാഹികളായ എ.പി. മജീദ് മാസ്റ്റര്‍, ആഷിഖ് പയ്യനാട്, മുനിസിപ്പല്‍ മുസ്ലിം ലീഗ് ഭാരവാഹികളായ കെ.കെ.ബി മുഹമ്മദലി, വല്ലാഞ്ചിറ സക്കീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.