മങ്കട ഉപജില്ലാ കായികോത്സവം : തുടർച്ചയായ ഒന്പതാം തവണയും പരിയാപുരം സെന്റ് മേരീസ് സ്കൂളിന് കിരീടം
1460419
Friday, October 11, 2024 5:02 AM IST
അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ കായികമേളയിൽ 29 സ്വർണവും 21 വെള്ളിയും 11 വെങ്കലവും നേടി 248 പോയിന്റോടെ തുടർച്ചയായ ഒന്പതാം തവണയും പരിയാപുരം സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം നേടി.
131 പോയിന്റുമായി (13 സ്വർണം,11 വെള്ളി, 15 വെങ്കലം) മങ്കട ഗവ.ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 94.5 പോയിന്റുമായി (ഒന്പത് സ്വർണം, എട്ട് വെള്ളി, 13 വെങ്കലം) തിരൂർക്കാട് എഎം ഹയർ സെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും നേടി. 90 പോയിന്റോടെ വടക്കാങ്ങര ടിഎസ്എസ് നാലാമതും 88 പോയിന്റോടെ കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാമതുമെത്തി.
യുപി സ്കൂളുകളിൽ 49 പോയിന്റോടെ പരിയാപുരം ഫാത്തിമ യുപി സ്കൂൾ (ആറ് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം) ഒന്നാംസ്ഥാനം നേടി. 29 പോയിന്റോടെ (നാല് സ്വർണം, ഒരുവെള്ളി, ഒരുവെങ്കലം) പൂപ്പലം-വലമ്പൂർ ഒഎ യുപിഎസ് രണ്ടാമതും 21.5 പോയിന്റോടെ (ഒരു സ്വർണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം) വടക്കാങ്ങര എംപിജി യുപി മൂന്നാമതുമെത്തി.
റിത്വിക് അനിൽ, നോയൽ, ടി.മുഹമ്മദ് ഷാദിൽ, പി.സഫ ഷിറിൻ (നാലുപേരും പരിയാപുരം സെന്റ് മേരീസ് എച്ച്എസ്എസ്), പി. ടി. ഹാമിൻ അലി, കെ. ഷാൻ അമൽ (ഇരുവരും തിരൂർക്കാട് എഎം എച്ച്എസ്എസ്), ഹാദിയ ഷെറിൻ (പരിയാപുരം ഫാത്തിമ യുപിഎസ്), കെ. ടി. ദിയ ഷെറിൻ (പൂപ്പലം - വലമ്പൂർ ഒഎ യുപിഎസ്), കെ. പൂജ (വടക്കാങ്ങര ടിഎസ്എസ്) എന്നിവർ വിവിധ വിഭാഗങ്ങളിൽ വ്യക്തിഗത ചാന്പ്യൻമാരായി.
മേളയിൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് പരിയാപുരം സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ട്രോഫി സ്വന്തമാക്കിയത്. യുപി കിഡ്ഡീസ് വിഭാഗത്തിൽ പൂപ്പലം - വലമ്പൂർ ഒഎയുപി സ്കൂൾ ഓവറോൾ നേടി.
സമാപന സമ്മേളനത്തിൽ എഇഒ പി.മുഹമ്മദ് ഇഖ്ബാൽ ജേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി. എച്ച്എം ഫോറം സെക്രട്ടറി വി.അബ്ബാസ്, ഉപജില്ലാ കായികവിഭാഗം സെക്രട്ടറി വി. എം. ഹംസ, ആരിഫ് കൂട്ടിൽ, പി.നജീബ്, എൻ.പി. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.