താഴെക്കോട് കുടുംബരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തം
1458254
Wednesday, October 2, 2024 5:08 AM IST
പെരിന്തല്‍മണ്ണ: താഴെക്കോട് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കണമെന്നും ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉടന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. 2018-19 ല്‍ മഞ്ഞളാംകുഴി അലി എംഎല്‍എ 50 ലക്ഷം രൂപ വകയിരുത്തി പുതിയ കെട്ടിട നിര്‍മിക്കുകയും താഴെക്കോട് പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത കെട്ടിടം കാട് മൂടി നശിക്കുകയാണ്.
2020ല്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലേക്ക് കുടുംബരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മാറ്റിയിട്ടില്ല. പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റണമെന്ന് പഞ്ചായത്ത്ഭരണ സമിതി യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാല് വര്‍ഷമായിട്ടും പഞ്ചായത്ത് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.
മുന്നൂറില്‍പ്പരം രോഗികള്‍ നിത്യവും വരുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇരിപ്പിടങ്ങളോ ശരിയായി പരിചരിക്കുന്നതിനുള്ള സൗകര്യങ്ങളോ ഇല്ല. കേന്ദ്രത്തിലെ ശൗചാലയം അടക്കം പലതും സാമൂഹികവിരുദ്ധര്‍ തകര്‍ത്തിട്ടുണ്ട്.
നിലവിലെ കെട്ടിടം അഡ്മിനിസ്ട്രേറ്റീവ് കെട്ടിടമായി നിലനിര്‍ത്തി ഒപിയും ചികിത്സകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് മുസ്ലിം ലീഗ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്‍ആര്‍എച്ച്എമ്മില്‍ നിന്ന് ലാബിനായി അനുവദിച്ച 12 ലക്ഷത്തോളം രൂപ കെട്ടിടത്തില്‍ സ്ഥല പരിമിതി കാരണം ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്തോടെ ഇതിനും പരിഹാരമാകുമെന്ന് മുസ്ലിം ലീഗ് അംഗങ്ങള്‍ പറഞ്ഞു.
കുടുംബരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്കി. മുസ്ലിം ലീഗ് അംഗങ്ങളായ വി.പി. റഷീദ്, വാഴത്തൊടി മുസ്തഫ, റിയാസ് മാടാമ്പാറ, മരുതംപാറ ബാലന്, ഇ.കെ. ഫസീല, റഹ്മത്ത് മലയില്‍ എന്നിവർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി.