കടുവ ആടിനെ അക്രമിച്ച് കൊണ്ടുപോയി
1454072
Wednesday, September 18, 2024 4:50 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ അളക്കലില്‍ ഇറങ്ങിയ കടുവ, ആട്ടിന്‍കുട്ടിയെയും പട്ടികളെയും പിടിച്ചു കൊണ്ടുപോയി. ചാലിയാര്‍ പഞ്ചായത്തിലെ അളക്കല്‍ വിജയപുരം സ്വദേശി തീപ്പൊരിയില്‍ ബേബിയുടെ ആട്ടിന്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ആട്ടിന്‍ കൂട് പൊളിച്ച് അകത്ത് കയറി കടുവ കൊണ്ടുപോയത്.
10 കിലോയിലധികം തൂക്കമുള്ള ആട്ടിന്‍കുട്ടിയെയാണ് കൊണ്ടുപോയതെന്ന് ബേബി പറഞ്ഞു. സമീപത്തെ വനമേഖലയില്‍ നിന്നാണ് കടുവ എത്തിയത്. ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആടിനെയും കടിച്ചു കൊണ്ടുപോകുന്ന കടുവയെയാണ് കണ്ടതെന്നും ബേബി പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും ബേബിയുടെ ആടിനെ ഉള്‍പ്പെടെ കടുവ പിടിച്ചിരുന്നു. അന്ന് കടുവ കൊന്ന ആടിന് വനംവകുപ്പ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. മേഖലയിലെ കര്‍ഷക കുടുംബങ്ങള്‍ ഭീതിയിലാണ് കഴിയുന്നതെന്നും വിട്ടുമുറ്റങ്ങളിലേക്ക് കടുവ എത്തുന്ന സാഹചര്യത്തില്‍ വനം വകുപ്പ് അടിയന്തരമായി കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നും ബേബി ആവശ്യപ്പെട്ടു.
ബേബിയുടെ അയല്‍വാസി മണിമല ജോര്‍ജിന്റെയും മറ്റൊരു അയല്‍വാസിയായ പുത്തന്‍വീട്ടില്‍ തങ്കച്ചന്റെയും പട്ടികളെ കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചുകൊണ്ടുപോയിരുന്നു. ധാരാളം മലയോര കര്‍ഷകര്‍ താമസിക്കുന്ന സ്ഥലമായതിനാല്‍ കടുവ ഭീഷണി പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.