ഉച്ചഭക്ഷണ തുക ലഭിക്കാതെ രണ്ടു മാസം; ഓണത്തിന് വെറും കൈയോടെ പ്രധാനാധ്യാപകര്‍
1453519
Sunday, September 15, 2024 5:22 AM IST
മലപ്പുറം: സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കിയ വകയില്‍ പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കാനുള്ള കുടിശിക തുക ഉടന്‍ വിതരണം ചെയ്യണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും കേരളാ ഗവണ്മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെജിപിഎസ്എച്ച്എ) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ ഷീബ കെ. മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി സി.എം. മുസ്തഫ, ഫസീല വില്ലന്‍, അമീര്‍ ഷാ മുഹമ്മദ്, ഒ.കെ. അബ്ദുള്‍കരീം, വി. അബ്ദുള്‍ അസീസ്, ഗോപാലകൃഷ്ണന്, ഉമ്മു കുല്‍സൂം, സി.പി. അഷ്റഫ്, ഫസീഹുറഹ്മാര്, മുസ്തഫ മങ്കട, അലി വെന്നിയൂര്‍, സോമരാജന്, മുഹമ്മദ്, ശിവപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉച്ചഭക്ഷണത്തിന് ജൂണ്‍ മാസത്തില്‍ തുക അനുവദിച്ചതിനു ശേഷം ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇപ്പോള്‍ രണ്ടര മാസത്തെ തുക കുടിശികയായി. കോടതി ഇടപെടുമ്പോള്‍ മാത്രം തുക അനുവദിക്കുന്ന രീതിയാണ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. പലചരക്ക് സാധനങ്ങള്‍ വാങ്ങിയ കടക്കാരെ അഭിമുഖീകരിക്കാനാകാതെ ഒഴിഞ്ഞുമാറേണ്ട അവസ്ഥയാണ് അധ്യാപകര്‍ക്കെന്ന് യോഗം ചൂണ്ടിക്കാട്ടി.