നിലമ്പൂരില്‍ മണല്‍ക്കടത്തിനെതിരേ ശക്തമായ നടപടിയുമായി പോലീസ്
1452170
Tuesday, September 10, 2024 5:05 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയില്‍ മണല്‍ക്കടത്ത് തടയാന്‍ ശക്തമായ നടപടിയുമായി പോലീസ്. ചാലിയാര്‍ പുഴയുടെയും കുറുവന്‍ പുഴയുടെയുമെല്ലാം കടവുകള്‍ കേന്ദ്രീകരിച്ചാണ് നിലമ്പൂര്‍ പോലീസ് നടപടി ശക്തമാക്കുന്നത്.
പരിശോധന ശക്തമാക്കി കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് പിടിച്ചെടുത്തത് ഏഴ് വാഹനങ്ങളാണെന്ന് സിഐ മനോജ് പറയട്ട പറഞ്ഞു. മമ്പാട് കൂളിക്കല്‍ കടവില്‍ നിന്നാണ് ഇന്നലെ രാവിലെ മണല്‍ നിറച്ച ടിപ്പര്‍ ലോറി പിടികൂടിയത്. സിഐയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്.
ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പോലീസിനെ കണ്ട് ടിപ്പര്‍ ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപ്പെട്ടു. മണല്‍കടത്ത് തടയാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും നിലമ്പൂര്‍ സിഐ മനോജ് പറയട്ട പറഞ്ഞു. ചാലിയാര്‍ പുഴയുടെ മമ്പാട് ഭാഗത്തെ കടവുകളാണ് മണല്‍വേട്ട സംഘത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍.
ഇവിടെ നിന്നാണ് ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കും മണല്‍കടത്ത്. മണല്‍കടത്ത് റീല്‍ ഇട്ട് നിലമ്പൂര്‍ പോലീസിനെ വെല്ലുവിളിച്ചതും റീല്‍സ് ഇട്ടവരെ പിടികൂടി തിരിച്ച് റീല്‍സ് ഇട്ട് പോലീസ് കൈയടി നേടിയതും മമ്പാട് ഭാഗത്തെ മണല്‍ കടത്തിന്റെ ഭാഗമായാണ്.