സാവിത്രി അമ്മ, വയസ് 75; പ്ലസ് ടു തുല്യതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്
1443645
Saturday, August 10, 2024 5:10 AM IST
വണ്ടൂര്‍: 75-ാം വയസില്‍ പ്ലസ് ടു തുല്യതാ പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച തിരുവാലി പുന്നപ്പാല മഠത്തില്‍ സാവിത്രി അമ്മയെ ആദരിച്ച് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. മലപ്പുറം ജില്ലയില്‍ തന്നെ പ്രായം കൂടിയ പഠിതാവ് കൂടിയായ സാവിത്രി അമ്മക്ക് നിലവില്‍ തുടര്‍ന്ന് പഠിക്കാനാണ് മോഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അസ്കറിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയാണ് ഇവരെ ആദരിച്ചത്.
വണ്ടൂര്‍ ബ്ലോക്ക് സാക്ഷരതാ മിഷന് കീഴില്‍ പത്താം ക്ലാസ് തുല്യതാപരീക്ഷ എഴുതി നല്ല മാര്‍ക്കോടുകൂടി വിജയിച്ച സാവിത്രിഅമ്മ പ്ലസ് വണ്‍ ക്ലാസിനു ചേര്‍ന്നും മികച്ച വിജയം ആവര്‍ത്തിക്കുകയായിരുന്നു. കുട്ടിക്കാലത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന വിദ്യാലയദിനങ്ങള് തിരിച്ചുപിടിക്കുകയാണ് സാവിത്രി അമ്മയുടെ ലക്ഷ്യം. ഇനിയും പഠനം തുടരാനാണ് ഇവരുടെ തീരുമാനം.
ആരോഗ്യസ്ഥിതി നല്ലതാണെങ്കില്‍ ഡിഗ്രിയെന്ന ആഗ്രഹവും മുന്നിലുണ്ട്. തിരുവാലി പുന്നപ്പാല അന്തരിച്ച റിട്ട. മേജര്‍ പടവെട്ടി രാമന്നായരുടെ ഭാര്യയാണ് സാവിത്രി അമ്മ. വ്യോമസേനയില്‍ നിന്ന് വിരമിച്ച മകള്‍ പ്രേമനായരും ബിസിനസ് എക്സിക്യൂട്ടീവായ മകന് പ്രമോദ്നായരും പേരക്കുട്ടികളും അമ്മയുടെ പഠനമോഹത്തിന് കൂട്ടായുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍ വി. ശിവശങ്കരന്, ബ്ലോക്ക് മെംബര്‍ കെ.സി. കുഞ്ഞുമുഹമ്മദ്, ബിഡിഒ വി.പി. അഷ്റഫ്, സാക്ഷരതാ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഇ. സന്തോഷ്കുമാര്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.