ഉരുൾപൊട്ടലിൽ നിലന്പൂരിൽ കുടിവെള്ളം മുടങ്ങി
1443041
Thursday, August 8, 2024 5:11 AM IST
നിലന്പൂർ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ഭാഗമായി നിലന്പൂർ നഗരസഭയിലേക്കുള്ള വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങി. അഞ്ചുദിവസത്തിനുള്ളിൽ കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്ന് നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ പറഞ്ഞു.
ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാർ പുഴയിലൂടെ ഉണ്ടായ മലവെള്ളപാച്ചിലിൽ ചെളിയും മണ്ണും നിറഞ്ഞ് വാട്ടർ അഥോറിറ്റിയുടെ പന്പ് ഹൗസിലെ മൂന്ന് മോട്ടോറുകൾ തകരാറായതിനെ തുടർന്നാണ് ജലവിതരണം മുടങ്ങിയിരിക്കുന്നത്.
കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തിൽ നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്റെ നേതൃത്വത്തിൽ കൗണ്സിലർമാർ ഉൾപ്പെടെ വാട്ടർ അഥോറിറ്റി ഓഫീസിലെത്തിയതോടെയാണ് മോട്ടോർ തകരാർ മൂലമാണ് ജലവിതരണം നടത്താൻ കഴിയാത്തതെന്ന് അധികൃതർ അറിയിച്ചത്.
കുടിവെള്ളത്തിന് അടിയന്തര ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ടാങ്കർ ലോറിയുമായി എത്തിയാൽ സൂപ്പർ ക്ലോറിനേഷൻ ചെയ്ത വെള്ളം കൊണ്ടുപോകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അരുമ ജയകൃഷ്ണൻ പറഞ്ഞു. 2018 ലും 2019 ലും ഉണ്ടായ പ്രളയങ്ങളിലെ മലവെള്ളപ്പാച്ചിൽ ഉണ്ടായ സമയത്തും കുടിവെള്ള വിതരണം നിലച്ചിരുന്നു. ചാലിയാറിന്റെ തീരത്ത് സ്ഥാപിച്ചിട്ടുള്ള പന്പ് ഹൗസുകളിലേക്ക് വ്യാപകമായി മണ്ണും ചളിയും മണലും വന്നിടയുന്നതിനാൽ മോട്ടോറുകൾ തകരാറിലാകും.
ഈ പന്പ് ഹൗസുകളിൽ നിന്നാണ് അമരന്പലം പഞ്ചായത്തിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത്. അതിനാൽ അമരന്പലത്തേക്കുള്ള കുടിവെള്ള വിതരണത്തെയും ഇത് ബാധിക്കും. മോട്ടോറുകൾ നന്നാക്കാനായി അഴിച്ചെടുത്ത് കൊണ്ടുപോയിട്ടുണ്ടെന്ന് വാട്ടർ അഥോറിറ്റി എൻജിനീയർ സമീർ പറഞ്ഞു. നാലു ദിവസം കൊണ്ട് പണി പൂർത്തിയാക്കി ജലവിതരണം പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതിക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.