കച്ചവടക്കാരുടെ ആവശ്യം നഗരസഭ കൗൺസിൽ നിരാകരിച്ചു : മാർക്കറ്റിലേക്കുള്ള വഴി അടച്ചുപൂട്ടി
1430395
Thursday, June 20, 2024 5:37 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ നഗര മധ്യത്തിലുള്ള ആധുനിക ഇൻഡോർ മാർക്കറ്റിന്റെ രണ്ടാംഘട്ടം നിർമാണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി മാർക്കറ്റിലേക്കുള്ള പ്രധാന വഴികൾ നഗരസഭ കഴിഞ്ഞ മാസം അടച്ചിട്ടു.
ഇതു കാരണം വ്യാപാരികളും പൊതുജനങ്ങളും മാർക്കറ്റിലേക്ക് എത്തിപ്പെടുന്നതിനും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മാർക്കറ്റിന്റെ നിർമാണം പൂർത്തിയാകുന്നത് വരെ മാർക്കറ്റിലെ വ്യാപാരികൾക്ക് വാടക പൂർണമായും ഒഴിവാക്കി കൊടുക്കണമെന്ന് കാണിച്ചുകൊണ്ടുള്ള മർച്ചന്റസ് അസോസിയേഷൻ മെയ് രണ്ടിന് പെരിന്തൽമണ്ണ നഗരസഭാ അധ്യക്ഷന് നിവേദനം നൽകിയിരുന്നു.
അതുമായി ബന്ധപ്പെട്ട് നിലവിലെ നിയമങ്ങൾ പ്രകാരവും കരാർ പ്രകാരവും വാടക പൂർണമായും ഒഴിവാക്കുന്നതിന് സാധ്യമല്ലെന്ന് അധ്യക്ഷൻ കൗൺസിലിൽ അറിയിക്കുകയായിരുന്നു.
നിർമാണ പ്രവൃത്തികൾ വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുള്ള വ്യാപാരികൾക്ക് വാടകയിൽ നിശ്ചിതകാലത്തേക്ക് ഇളവ് അനുവദിക്കുന്നതിന് കൗൺസിൽ തീരുമാനമെടുത്ത് സർക്കാരിന്റെ അനുമതിക്കായി അയക്കുവാനും കൗൺസിൽ തീരുമാനിച്ചു.