പാലിയേറ്റീവ് പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ കൈത്താങ്ങ്
1429945
Monday, June 17, 2024 5:44 AM IST
വണ്ടൂർ: വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നടപ്പിലാക്കുന്ന സെക്കൻഡറി പാലിയേറ്റീവ് പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ കൈത്താങ്ങ്. ജീവനക്കാർ സമാഹരിച്ച 25500 രൂപയുടെ ചെക്ക് എ.പി. അനിൽകുമാർ എംഎൽഎ താലൂക്കാശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ പള്ളിയാളിക്ക് കൈമാറി.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സഹായധനം കൈമാറിയത്. ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ ഗുരുതരമായ അസുഖമുള്ളവർ, വൃക്കരോഗം, മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി 150 ഓളം രോഗികളെയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ സെക്കൻഡറി പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ മരുന്നും മറ്റുപകരണങ്ങളും വാങ്ങുന്നതിനുള്ള ഫണ്ട് ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കും. അതേസമയം ബ്ലോക്ക് പരിധിയിൽ വരാത്ത മറ്റു ചെലവുകൾക്കാവശ്യമായ തുക സുമനസുകളുടെ സഹായത്തോടെ കണ്ടെത്താനാണ് തീരുമാനം.
ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഹസ്കർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ശിവശങ്കരൻ, ബിഡിഒ വി.പി. മുഹമ്മദ് അഷ്റഫ് , സ്റ്റാഫ് സെക്രട്ടറി എം. സജു ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.