പച്ചക്കറി വില കുതിക്കുന്നു; ഒരാഴ്ചക്കുള്ളിൽ രണ്ടിരട്ടി വരെ വർധന
1424607
Friday, May 24, 2024 5:23 AM IST
നിലമ്പൂർ: പച്ചക്കറി വിലയിൽ വൻവർധന. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് വലിയ വില വർധനവുണ്ടായത്. കേരളത്തിലേതുപോലെ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ ശക്തമായതാണ് പച്ചക്കറി വിലയിൽ വൻവർധനവുണ്ടാകാൻ കാരണമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കാവശ്യമായ പച്ചക്കറികളിലേറെയും എത്തുന്നത്. മഴ ശക്തമായതോടെ പച്ചക്കറികൾ ചീഞ്ഞ് കേടുവരുന്നതാണ് വിലവർധനവിന് കാരണമായി പറയുന്നത്. രണ്ടാഴ്ച മുൻപ് വരെ കനത്ത ചൂടും വെയിലുമേറ്റ് പച്ചക്കറി കരിയുന്നത് വിളവിനെ ബാധിച്ചിരുന്നതായി വാർത്തയുണ്ടായിരുന്നു.
ഇപ്പോൾ തുടർച്ചയായ മഴയിൽ ചെടികൾ ചീഞ്ഞ് വിള നാശമുണ്ടാകുന്നതായാണ് വ്യാപാരികൾ പറയുന്നത്. പലരും പ്രാദേശിക വിപണികളിലേക്ക് വിലകൂടിയ ഇനങ്ങൾ കൊണ്ടുവരുന്നില്ല. വലിയ ഹോട്ടലുകൾക്ക് ഒഴിച്ചു കൂടാനാകാത്ത ഇനങ്ങൾ വില കൂടുതലാണെങ്കിലും വ്യാപാരികൾക്ക് കൊണ്ടുവരാതിരിക്കാനാകില്ല .
തക്കാളിക്ക് രണ്ടാഴ്ച മുന്പ് വരെ കിലോഗ്രാമിന് 20 രൂപ വിലയുണ്ടായിരുന്നത് വ്യാഴാഴ്ച 50-60 രൂപയിലെത്തി. ചേന 42 ഉണ്ടായിരുന്നിടത്ത് 80 ഉം ബീൻസ് 80 ഉണ്ടായിരുന്നത് 200 രൂപയായും വർധിച്ചു. പയറും പാവക്കയും 60ൽ നിന്ന് 100 രൂപയിലേക്കത്തി.നേന്ത്രക്കായ 30 ൽ നിന്ന് 55ലെത്തി. പഴം 35ൽ നിന്ന് 55 ലെത്തി.
വരും ദിവസങ്ങളിൽ വിലവർധന കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. വേനൽമഴ ശക്തിപ്രാപിക്കുകയും അതിന്റെ തുടർച്ചയായി കാലവർഷം എത്തുകയും ചെയ്യുന്നതോടെ മഴക്കിടയിലൊരു ഇടവേളയുണ്ടാകില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം. ഈ സാഹചര്യത്തിൽ പച്ചക്കറി ലഭ്യത കുറയുന്നതിനനുസരിച്ച് വില വീണ്ടും കൂടിയേക്കും.