224 വര്‍ഷത്തിനു ശേഷം കിടപ്പാടം തിരികെ കിട്ടിയ സന്തോഷത്തില്‍ പയ്യനാട് നിവാസികള്‍
1424410
Thursday, May 23, 2024 5:51 AM IST
ഭൂമി കണ്ടുകെട്ടിയത് ബ്രിട്ടീഷ് ഭരണകൂടം
ബഷീര്‍ കല്ലായി
മഞ്ചേരി : 224 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകൂടം കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടിയ സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരേ പഴശിരാജക്കൊപ്പം ചേര്‍ന്ന് പോരാടിയ അത്തന്‍കുട്ടി കുരിക്കളുടെ ഉടസ്ഥതയിലുള്ള ഭൂമിയാണ് കൈവശക്കാര്‍ക്ക് വിട്ടു നല്കി സര്‍ക്കാര്‍ ഉത്തരവായത്.
1800ലാണ് ബ്രിട്ടീഷുകാര്‍ അത്തന്‍കുട്ടി കുരിക്കളെ പിടികൂടി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 36.49 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടി. പിന്നീട് അത്തന്‍കുട്ടി കുരിക്കളുടെ മകന് കുഞ്ഞഹമ്മദ് കുട്ടി കുരിക്കള്‍ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂമി ബ്രിട്ടീഷ് ഭരണാധികാരികള്‍ തിരികെ നല്കി.
എന്നാല്‍ നികുതിയും പാട്ടവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഭൂമി തിരികെ നല്‍കിയത്. കുഞ്ഞഹമ്മദ് കുട്ടി കുരിക്കളുടെ മരണശേഷം ഭൂമി മക്കള്‍ക്ക് ലഭിച്ചു.
ഭൂമിക്ക് സര്‍ക്കാര്‍ 15965 രൂപ ജന്മവില നിശ്ചയിക്കുകയും അത് എട്ടു ഗഡുക്കളായി സര്‍ക്കാരിലേക്ക് അടവാക്കിക്കൊള്ളാമെന്ന വ്യവസ്ഥയില്‍ മക്കളായ ഖാന് ബഹദൂര്‍ അഹമ്മദ് കുരിക്കള്‍, മൊയ്തീന്‍കുട്ടി കുരിക്കള്‍ എന്നിവര്‍ക്ക് പതിച്ചു നല്കി. 1864ല്‍ ഇവരുടെ കൈവശത്തിന് സര്‍ക്കാര്‍ കച്ചീട്ട് എഴുതിവാങ്ങുകയും ഇതു പ്രകാരമുള്ള സംഖ്യ 1868ല്‍ അടവാക്കുകയും ചെയ്തു.
1869ല്‍ ആകെയുള്ള ഭൂമിയില്‍ കുറച്ചു സ്ഥലം ഒഴിവാക്കി ബാക്കിയുള്ളവ മലബാറിലെ ചില സത്രങ്ങളുടെ സംരക്ഷണ ചെലവിനുള്ളത് കണ്ടെത്താനായി മാറ്റിവച്ചു. അന്നു മുതല്‍ ഈ ഭൂമി സത്രം വക ഭൂമിയെന്നറിയപ്പെട്ടു.
നിലവില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ ഇവിടെ കൃഷി ചെയ്തും വീടും വച്ചും കഴിയുന്നു. ഇവര്‍ സര്‍ക്കാരിന് നല്കിയ അപേക്ഷയെ തുടര്‍ന്നാണ് വിശദമായ പരിശോധന നടന്നത്. ഇവര്‍ക്ക് കൈവശത്തിന് അടിസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ ഉണ്ട്. സെറ്റില്‍മെന്റ് രജിസ്റ്ററില്‍ റീമാര്‍ക്സായി 1922 ഡിസംബര്‍ 20 ന് പാട്ടം നിശ്ചയിച്ച് കൊല്ലം തോറും ഏല്‍പ്പിച്ച് കൊടുക്കുന്ന ഭൂമി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
രേഖയിലെ ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാട്ട ഭൂമിയാണെന്ന് പരിഗണിച്ചതും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടു പോലും നില തുടരാനിടയാക്കിയതും. കൈവശക്കാര്‍ക്ക് പൂര്‍ണ അവകാശത്തോടെ ഭൂമി വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് 1976ല്‍ കൈവശക്കാരനായ അബ്ദുഹാജിയുടെ നേതൃത്വത്തില്‍ ശ്രമങ്ങളാരംഭിച്ചെങ്കിലും ഫലം കണ്ടില്ല.
2010ല്‍ ഇവരില്‍ നിന്ന് ഭൂനികുതി സ്വീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി. റവന്യു അവകാശങ്ങള്‍ കൈവശക്കാര്‍ക്ക് നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് അഹമ്മദ്കുട്ടി കുരിക്കള്‍ എന്ന കുഞ്ഞാന് കുരിക്കളുടെ നേതൃത്വത്തില്‍ പോരാട്ടം ആരംഭിച്ചത്. പി.വി. മുഹമ്മദ് ചെയര്‍മാനും കു
ഞ്ഞാന്‍ കുരിക്കള്‍ കണ്‍വീനറുമായി കമ്മിറ്റി രൂപവല്‍ക്കരിച്ചു.
മാറിമാറി വന്ന സര്‍ക്കാരുകള്‍ മുഖം തിരിച്ച അപേക്ഷക്ക് നേരെ ഒന്നാം പിണറായി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. ഏറെ നാളത്തെ പഠനത്തിനും അന്വേഷണത്തിനും ഒടുവില്‍ ബ്രിട്ടീഷുകാരുടെ നെറികേടുകളില്‍ ഒന്നാണിതെന്ന് ബന്ധപ്പെട്ടവര്‍ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ കൈവശക്കാരില്‍ നിന്ന് ഇനിമുതല്‍ ഭൂനികുതി സ്വീകരിക്കണമെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നൂറ്റാണ്ടുകളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ ചരിത്രപരമായ ഉത്തരവിട്ട സംസ്ഥാന സര്‍ക്കാരിനും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ കുഞ്ഞാന് കുരിക്കള്‍ എന്ന 72 കാരനോടും നന്ദി പറയുകയാണ് പയ്യനാട് നിവാസികള്‍.