മാലിന്യ സംസ്കരണ കേന്ദ്രത്തെച്ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസ് യുഡിഎഫ് സംവിധാനം തകര്‍ക്കുന്നുവെന്ന് ലീഗ്
1423993
Tuesday, May 21, 2024 7:19 AM IST
മഞ്ചേരി: ചെങ്ങര മട്ടത്തിരിക്കുന്നിലെ മാലിന്യ സംസ്കരണ കേന്ദ്രത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചതോടെ കോണ്‍ഗ്രസിനെതിരേ ലീഗ്. യുഡിഎഫ് സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ലീഗ് ഭാരവാഹികളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസും ലീഗും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും പഞ്ചായത്ത് പ്രസിഡന്റാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മറികടന്ന് മട്ടത്തിരിക്കുന്നില്‍ എംസിഎഫ് കേന്ദ്രം സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ലീഗ്- കോണ്‍ഗ്രസ് ഭരണവേര്പിരിയലിലേക്ക് എത്തിച്ചത്.
പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന വിലയിരുത്തലിലാണ് പഞ്ചായത്ത് ലീഗ് നേതൃത്വം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ എംസിഎഫ് സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് പഞ്ചായത്ത് നടപ്പാക്കിയത്. പഞ്ചായത്തിന്റെ അധീനതയിലുള്ള ഒന്നര ഏക്കര്‍ ഭൂമിയില്‍ പദ്ധതി നടപ്പാക്കുന്നതു മൂലം ആര്‍ക്കും പ്രയാസങ്ങളില്ല. ചിലര്‍ അനാവശ്യ ഭീതി പരത്തുകയാണെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്തോഫീസ് പരിസരത്ത് കൂട്ടിയിട്ട മാലിന്യം പൊതുജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചതോടെ മട്ടത്തിരിക്കുന്നിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരായി. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അറിയാം. ഇത് മറച്ചുവച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി. കമറുദീന് വാക്കാലൂര്‍, ജനറല്‍ സെക്രട്ടറി പി.പി. ഹംസ, ട്രഷറര്‍ എം.കെ. അബൂബക്കര്‍, വി.എ. സമദ്, ഏറനാട് മണ്ഡലം ലീഗ് സെക്രട്ടറി വി.എ. നാസര്‍, മണ്ഡലം എസ്ടിയു പ്രസിഡന്റ് ഇ.പി. മുജീബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉസ്മാന് എന്നിവര്‍ പങ്കെടുത്തു.