എളാട് ചെക്ക് ഡാമില്‍ സായാഹ്നം ചെലവിടാൻ സന്ദര്‍ശകര്‍ കൂടുന്നു
1416689
Tuesday, April 16, 2024 6:25 AM IST
പെരിന്തല്‍മണ്ണ: എളാട് ചെക്ക് ഡാം കാണാനും സായാഹ്നം ചെലവിടാനും എത്തുന്നവരുടെ എണ്ണമേറുന്നു. പെരിന്തല്‍മണ്ണയില്‍ നിന്ന് 14 കി.മീ അകലെ കുന്തിപ്പുഴയുടെ സമീപമാണ് ഈ പ്രദേശം.
ആളുകള്‍ ധാരാളം എത്താൻ തുടങ്ങിയതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇടംനേടിക്കഴിഞ്ഞു ഇവിടം. വൈകുന്നേരമാകുന്നതോടെ നൂറുകണക്കിനാളുകളാണ് സന്ദർശിക്കാനെത്തുന്നത്.
കടുത്ത വേനലിലും നിലക്കാതെയുള്ള വെള്ളച്ചാട്ടമാണ് ആകർഷകം. അതിന് സമീപം തന്നെയാണ് ആനക്കല്‍ വിനോദ കേന്ദ്രവും. ചെക്ക് ഡാമിന്റെ 30 മീറ്റർ അടുത്താണ് നിർദ്ദിഷ്ട എളാട്-മപ്പാട്ടുകര പള്ളിക്കടവ് പാലത്തിന്റെ സ്ഥാനം. ഇതുമായി ബന്ധപ്പെട്ട് നിരവധി വികസന സാധ്യതകളുണ്ടെങ്കിലും അവഗണിക്കപ്പെട്ടു കിടക്കുകയാണ് പ്രദേശം.ആനക്കല്‍ ഇക്കോ ടൂറിസം, വയോജന പാർക്ക്, ചില്‍ഡ്രൻസ് പാർക്ക് ബോട്ടിങ്, തൂക്കുപാലം തുടങ്ങി പദ്ധതികളും മുന്നോട്ടുവെച്ചെങ്കിലും അധികൃതരില്‍നിന്ന് കാര്യമായ നീക്കങ്ങള്‍ ഉണ്ടായിട്ടില്ല. വൈകിയാണെങ്കിലും വിനോദസഞ്ചാര വികസനത്തിന് ആവശ്യത്തിന് സൗകര്യങ്ങളൊരുക്കാൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.