കൊണ്ടോട്ടി താലൂക്ക് ആശുപത്രി ആക്രമണം; നടപടി വേണമെന്നു കെജിഎംഒഎ
1416338
Sunday, April 14, 2024 5:18 AM IST
മലപ്പുറം: കൊണ്ടോട്ടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്കും ജീവനക്കാര്‍ക്കും എതിരെയുണ്ടായ അക്രമ സംഭവത്തില്‍ ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് കെജിഎംഒഎ ജില്ലാ ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രാത്രിയയുടെ മറവില്‍ ഒരു കൂട്ടം സാമൂഹ്യവിരുദ്ധരാണ് ആശുപത്രിക്കും ജീവനക്കാര്‍ക്കുമെതിരേ ആക്രമണം അഴിച്ചുവിട്ടത്. ആക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
പുതിയതായി ആരംഭിച്ച കാഷ്വാലിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ സേവനമില്ലാത്തത് ആക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കി. 24 മണിക്കൂറും സുരക്ഷാ സേവനം ലഭ്യമാക്കാന്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ സാങ്കേതികത്വം പറഞ്ഞ് അതിനു തയാറായില്ലെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സുരക്ഷാ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്ത പക്ഷം കാഷ്വാലിറ്റി സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാവും. മാനസിക സമ്മര്‍ദ്ദമില്ലാതെ തങ്ങളുടെ ജോലി ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ സാഹചര്യമൊരുക്കണമെന്നും കെജിഎംഒഎ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു