ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കി; എല്‍പിജി പ്ലാന്റുകള്‍ നിശ്ചലമായി
1394691
Thursday, February 22, 2024 4:40 AM IST
തേഞ്ഞിപ്പലം: സംസ്ഥാനത്തെ എല്‍പിജി ബോട്ട്ലിംഗ് പ്ലാന്റുകളിലെ ട്രക്ക് ഡ്രൈവര്‍മാര്‍ ഇന്നലെ മൂന്നു മണിക്കൂര്‍ പണിമുടക്കിയതോടെ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിശ്ചലമായി.
കാലാവധി കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും സേവന വേതന കരാര്‍ പുതുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ഇതിന്റെ ഭാഗമായി സംസ്ഥാന എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഇന്നലെ പ്ലാന്റുകള്‍ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ പ്രതിഷേധ ധര്‍ണ നടത്തി.
ഐഒസി ചേളാരി ബോട്ട്ലിംഗ് പ്ലാന്റിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു.
ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് ജില്ലാ സെക്രട്ടറി കെ. ഗോവിന്ദന്‍കുട്ടി, ടാങ്കര്‍ ലോറി വര്‍ക്കേഴ്സ് യൂണിയന് പ്രസിഡന്റ് അഡ്വ.കെ.ടി. വിനോദ്കുമാര്‍, സെക്രട്ടറി അജയന് കൊളത്തൂര്‍, ബിഎംഎസ് നേതാവ് ഗില്‍ബര്‍ട്ട്, ഐഎന്‍ടിയുസി നേതാക്കളായ പി. അഷ്റഫ്, കെ. രാജന് എന്നിവര്‍ പ്രസംഗിച്ചു.
ഫെയര്‍ വേജസും മറ്റു തൊഴിലാളി ക്ഷേമനിയമങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2022 ഡിസംബറില്‍ തന്നെ സിഐടി യു, ഐഎന്‍ടിയുസി, ബിഎംഎസ് യൂണിയനുകള്‍ ഉള്‍പ്പെടുന്ന സംയുക്ത ട്രേഡ് യൂണിയനുകള്‍ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നുവെന്നും അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെയും തൊഴില്‍ വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ പതിനഞ്ചിലേറെ തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെയും തീരുമാനമായില്ലെന്നും യൂണിയന് നേതാക്കള്‍ പറഞ്ഞു.
സിലിണ്ടര്‍ ട്രക്ക് ഉടമ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ച് പണിമുടക്ക് സമരത്തിനെതിരേ വിധി വാങ്ങി തൊഴിലാളി ക്ഷേമ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്ന സമീപനം അനുവദിക്കാനാകില്ല. ബന്ധപ്പെട്ടവര്‍ അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുമെന്നും യൂണിയന് ഭാരവാഹികള്‍ അറിയിച്ചു.