‘ജനലക്ഷങ്ങള്‍ സര്‍ക്കാരിനൊപ്പം’
1374492
Wednesday, November 29, 2023 8:26 AM IST
പരപ്പനങ്ങാടി: നവകേരള സദസിന് എത്തുന്ന ജനലക്ഷങ്ങള്‍ സര്‍ക്കാരിനു നല്‍കുന്നത് ധൈര്യമായി മുന്നോട്ടുപോകൂ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നയപരിപാടികളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് ഓരോ ദിവസവും നവകേരള സദസുകളില്‍ കൂടിക്കൂടി വരുന്ന ജനക്കൂട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരപ്പനങ്ങാടി അവുക്കാദര്‍ കുട്ടി നഹ സ്റ്റേഡിയത്തില്‍ നടന്ന തിരൂരങ്ങാടി മണ്ഡലം നവകേരള സദസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
നാടിനു വേണ്ടിയുള്ള, ജനങ്ങള്‍ക്കുവേണ്ടിയുള്ള പരിപാടിയാണ് നവകേരള സദസെന്ന തിരിച്ചറിവാണ് ജനങ്ങള്‍ ഒഴുകിയെത്തുന്നതിന് ഇടയാക്കിയത്. കേരളത്തിലെ ഒരുമയും ഐക്യവും ചിലര്‍ക്ക് ഇഷ്ടമല്ല. മതരനിപരപേക്ഷത ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ മതനിരപേക്ഷത ഇന്ത്യയില്‍ ആവശ്യമില്ല എന്നാണ് ഇക്കൂട്ടരുടെ നിലപാട്. ഇന്ത്യ ഒരു മതാധിഷ്ഠിത രാജ്യമാണ് എന്നത് സ്വാതന്ത്ര്യ സമരകാലം മുതല്‍ പറയുന്ന ഇക്കൂട്ടര്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാത്തവരാണ്.

കുട്ടികള്‍ ചരിത്രവും വസ്തുതയും മനസിലാക്കരുതെന്ന ഉദ്ദേശ്യത്തോടെ പാഠപുസ്തകം തിരുത്തകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ നെടുംതൂണുകള്‍ തമസ്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതിനെയെല്ലാം ആദ്യമായി എതിര്‍ത്ത സംസ്ഥാനം കേരളമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക എന്നതാണ് മതനിരപേക്ഷതയുടെ ഉരക്കല്ല്. എന്നാല്‍ പ്രതിപക്ഷത്തിന് ഇതിന് സാധിക്കുന്നില്ല. ആഗോളീകരണത്തിന് ബദല്‍ നയം നടപ്പാക്കുന്നതിനാല്‍ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
എന്നാല്‍ ദരിദ്രനെ അതിദരിദ്രന് ആക്കാനല്ല അതിദാരിദ്ര്യം പൂര്‍ണമായും ഇല്ലായ്മ ചെയ്യാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. ക്രൂരമായ അവഗണനയാണ് കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്. നികുതി വിഹിതം, ഗ്രാന്റുകള്‍, കടത്തിന്റെ പരിധി തുടങ്ങി ഓരോ രംഗത്തും കേരളത്തിന് കുറവ് വരുത്തുകയാണ്. 57,000 കോടിയില്‍പരം രൂപയുടെ കുറവാണ് സംസ്ഥാനത്തിന് വരുത്തിയത്. ഇക്കാര്യമെല്ലാം ജനസമക്ഷം അവതരിപ്പിക്കാനാണ് നവകേരള സദസ് സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവില്‍, സജി ചെറിയാന്, ജി.ആര്. അനില്‍ എന്നിവര്‍ പ്രസംഗിച്ചു. മന്ത്രിമാരായ കെ.രാജന്, വി.എന്‍ വാസവന്, ആന്റണി രാജു, പി.രാജീവ്, കെ.രാധാകൃഷ്ണന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, വീണാ ജോര്‍ജ്, ആര്. ബിന്ദു, കെ.എന്‍.ബാലഗോപാല്‍, എം.ബി. രാജേഷ്, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, വി.അബ്ദുറഹിമാന്, വി. ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.