ഓണം കഴിഞ്ഞ് മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ അപ്രത്യക്ഷമായി
1338929
Thursday, September 28, 2023 1:41 AM IST
കരുവാരകുണ്ട്: ദിനംപ്രതി വർധിച്ചു വരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ വലക്കുന്നു. ഓണം കഴിഞ്ഞതോടെ മാവേലി സ്റ്റോറുകളിൽ നിന്നു ലഭിച്ചിരുന്ന സബ്സിഡി സാധനങ്ങളും അപ്രത്യക്ഷമായി.
പലവ്യജ്ഞനങ്ങൾ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ദിവസവും ഉയർന്ന നിലവാരത്തിലാണ് പൊതുമാർക്കറ്റുകളിൽ വിൽപ്പന നടത്തി വരുന്നത്. നിശ്ചിത വില ഒരിടത്തുമില്ല. പലയിടത്തും വിലവിവരപട്ടിക പ്രദർശിപ്പിക്കാറില്ല. നിത്യോപയോഗ സാധനങ്ങൾക്ക് സിവിൽ സപ്ലൈസിന്റെ ഔട്ട്ലെറ്റുകളിലും വില വർധിപ്പിച്ചിട്ടുണ്ട്.
കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ നൽകി കൊണ്ടിരുന്ന സാധനങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വില വർധനക്ക് സാഹചര്യം സൃഷ്ടിച്ചതെന്നു ആക്ഷേപമുണ്ട്.
സബ്സിഡി ഇല്ലാത്ത അരിക്ക് നാൽപ്പതു രൂപക്കാണ് മാവേലി സ്റ്റോർ വഴി വിതരണം നടത്തുന്നത്. അരി, വെളിച്ചെണ്ണ, പഞ്ചസാര, പയറുവർഗങ്ങൾ, മുളക്, മല്ലി എന്നിവ മാവേലി സ്റ്റോറിൽ നിന്നു അപ്രത്യക്ഷമായി. റേഷൻ കടകളിലെ സ്ഥിതിയും മറിച്ചല്ല. സാധാരണക്കാർക്ക് കുറഞ്ഞ വിലക്കു വിതരണം നടത്തിവന്നിരുന്ന ആട്ടയും റേഷൻ കടകളിൽ നിന്നു അപ്രത്യക്ഷമായി.
പല കടകളിലും ബിപിഎൽ വിഭാഗക്കാർക്കു മാത്രമേ വിതരണത്തിനു ഇതു ലഭിക്കുന്നുള്ളൂ. എന്നാൽ ജനങ്ങൾ വിൽപ്പനക്കെത്തിക്കുന്ന കാർഷികോത്പന്നങ്ങൾക്കു നിലവിലുള്ളതിന്റെ പകുതി വില പോലും ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒരു കിലോ മൈസൂർ പൂവന് പതിനഞ്ച് രൂപ നിരക്കിലാണ് വ്യാപാരികൾ വാങ്ങുന്നത്.
ചില്ലറ വിൽപ്പനയാകട്ടെ മുപ്പത്തഞ്ച് രൂപക്കും. അതേസമയം നാടൻ പച്ചക്കറികൾ മാർക്കറ്റുകളിൽ കിട്ടാക്കനിയായി. കാലം തെറ്റി പെയ്യുന്ന മഴയും വരൾച്ചയും കാരണം പച്ചക്കറി കൃഷികൾ ഒന്നാകെ നശിച്ചുപോയതായും കർഷകർ പറയുന്നു. വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച അവസ്ഥയിലാണ്.