കെട്ടിടങ്ങളുടെ പൊളിക്കൽ ഇന്ന് തുടങ്ങും
1337443
Friday, September 22, 2023 2:46 AM IST
നിലന്പൂർ: നിലന്പൂർ ടൗണിലെ റോഡ് വികസന പദ്ധതിക്ക് ഇന്ന് തുടക്കമാവും. രാവിലെ എട്ടിന് സിനായ് ലോഡ്ജിന് സമീപത്തു നിന്ന് പ്രവൃത്തികൾക്ക് തുടക്കമാകുമെന്ന് പി.വി. അൻവർ എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന യോഗ തീരുമാനത്തിന്റെ ഭാഗമായാണ് അളവിൽ ഉൾപ്പെട്ട വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിട ഭാഗങ്ങൾ പൊളിച്ച് തുടങ്ങുന്നതെന്നും എംഎൽഎ പറഞ്ഞു. കെട്ടിടങ്ങൾ പൊളിച്ച് നീക്കിയ ശേഷം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. ഒക്ടോബർ 10 ന് മുൻപ് കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കും.
പൊതുമരാമത്ത് വകുപ്പ് അനുവദിച്ച അഞ്ച് കോടി രൂപ ചെലവിലാണ് നിലന്പൂർ ടൗണിന്റെ സമഗ്ര വികസനം നടപ്പാലാക്കുക. 13 മീറ്റർ വീതിയിലായിരിക്കും പുതിയ റോഡ് നിർമിക്കുക. ഒന്പത് മീറ്റർ വീതിയിൽ ടാറിംഗ് നടത്തും. ഇരുഭാഗത്തും ഒന്നര മീറ്റർ നടപ്പാതയുണ്ടാകും.
റോഡരികിൽ രണ്ടടി വീതിയിൽ കട്ട പതിക്കും. നിലവിൽ ഇരു ഭാഗത്തുമുള്ള നടപ്പാതയിൽ ഒന്നര മീറ്റർ ഭൂമി കൂടി റോഡിനായി ഏറ്റെടുക്കും.
ഇതിന്റെ ഭാഗമായാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. നിലന്പൂർ ടൗണിന്റെ സമഗ്ര വികസനം നിലന്പൂരിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ.് റോഡ് വീതി കുറവുമൂലം നിലന്പൂർ ടൗണിൽ ഗതാഗത കുരുക്ക് നിത്യസംഭവമാണ്.