നിലന്പൂർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
1301215
Friday, June 9, 2023 12:27 AM IST
നിലന്പൂർ: സിപിഎം കോവിലകത്തുമുറി ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. കോവിലകത്ത് മുറി ഡിവിഷനിൽ വയോജനങ്ങൾക്കായി വിതരണം ചെയ്ത കട്ടിലുകൾ അപേക്ഷയിലെ അർഹതപ്പെട്ടവർക്ക് തന്നെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
ഡിവിഷൻ കൗണ്‍സിലർ എം.കെ. വിജയനാരായണൻ മറിച്ചുവിറ്റു എന്ന് കാണിച്ച് സിപിഎം കോവിലകത്തുമുറി ബ്രാഞ്ച് സെക്രട്ടറി പി.അനിൽ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു സിപിഎം നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചത്.
പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ അടുത്ത ദിവസം നഗരസഭയിൽ വിളിച്ച് വരുത്താമെന്ന സെക്രട്ടറിയുടെ ഉറപ്പിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്.
ബ്രാഞ്ച് സെക്രട്ടറി പി. അനിൽ, ലോക്കൽ കമ്മിറ്റി അംഗം പടവെട്ടി ബാലകൃഷ്ണൻ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഉമ്മഴി രവീന്ദ്രൻ, ഭാസ്കരൻ ചിറയ്ക്കൽ, ഷണ്ഗിത് കോവിലകത്തുമുറി, സത്യൻ മഠത്തിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
സിപിഎം ശക്തികേന്ദ്രമായ കോവിലകത്തുമുറി ഡിവിഷൻ അട്ടിമറി വിജയത്തിലൂടെയാണ് ബിജെപിയിലെ എം.കെ. വിജയനാരായണൻ പിടിച്ചെടുത്തത്. നിലന്പൂർ നഗരസഭയിൽ ബിജെപി ചരിത്രത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കുകയും ചെയ്തു. വയോജനങ്ങൾക്ക് നൽകിയ കട്ടിൽ കൗണ്‍സിലർ മറിച്ചു വിറ്റുവെന്നാരോപണവുമായി രംഗത്ത് വരികയും ആരോപണം തെളിയിക്കാൻ കൗണ്‍സിലർ സിപിഎമ്മിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
സിപിഎം നേതൃത്വം നൽകുന്ന നിലന്പൂർ നഗരസഭയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാവാത്തത് സിപിഎം ബ്രാഞ്ച് കമ്മിറ്റിയേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.