തേനുഹാജി പുരസ്കാരം നജീബ് കാന്തപുരം എംഎൽഎയ്ക്ക്
1300467
Tuesday, June 6, 2023 12:24 AM IST
അങ്ങാടിപ്പുറം: തണൽ ഐക്യവേദി ഏർപ്പെടുത്തിയ വാക്കാട്ടിൽ തേനുഹാജി പുരസ്കാരം പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന് സമ്മാനിക്കും.
അങ്ങാടിപ്പുറം-പരിയാപുരം പ്രദേശത്തിന്റെ പുരോഗതിയിൽ നിസ്തുല സംഭാവനകളർപ്പിച്ച മഹത്വ വ്യക്തിത്വമായിരുന്നു വാക്കാട്ടിൽ തേനുഹാജി.
അദ്ദേഹത്തിന്റെ സ്മരണക്കായി പ്രദേശത്തെ സാമൂഹിക,സാംസ്കാരിക കൂട്ടായ്മയായ തണൽ ഐക്യവേദി നൽകി വരുന്ന രണ്ടാമത് പുരസ്കാരമാണിത്.
"ക്രിയ’ എന്ന പേരിൽ നജീബ് കാന്തപുരം എംഎൽഎ ആവിഷ്കരിച്ച നൂതന വിദ്യാഭ്യാസപദ്ധതിയും രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെട്ട സൗജന്യ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ സംസ്ഥാപനവുമാണ് എംഎൽഎയെ പുരസ്കാരത്തിന് അർഹനാക്കിയതെന്നു തണൽ ഐക്യവേദി ഭാരവാഹികൾ പറഞ്ഞു. പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിഭകൾക്ക് ഏർപ്പെടുത്തിയ കെ.വി മുഹമ്മദ്കുട്ടി മാസ്റ്റർ വിദ്യാഭ്യാസ അവാർഡിന് ഡോക്ടർ മാളവിക ഓർക്കോട്ടിലിനെയും തെരെഞ്ഞെടുത്തു. അങ്ങാടിപ്പുറം ഓർക്കോട്ടിൽ ശ്രീധരന്റെയും (കുമാരൻ) ശാന്തയുടെയും മകളാണ്.
11നു വൈകീട്ട് നാലിനു പരിയാപുരം എഎംഎൽപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പി.വി അബ്ദുൾവഹാബ് എംപി പുരസ്കാരങ്ങൾ സമ്മാനിക്കും. സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.