ടി. രവീന്ദ്രൻ സ്മാരക നാടക പുരസ്കാരം നിലന്പൂർ ആയിഷക്ക്
1296891
Wednesday, May 24, 2023 12:16 AM IST
പെരിന്തൽമണ്ണ: പ്രശസ്ത നാടക പ്രവർത്തകൻ പി. രവീന്ദ്രന്റെ ഓർമക്കായി കീഴാറ്റൂർ ആർട്സ് ഏർപ്പെടുത്തിയ നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ പുരസ്കാരം നിലന്പൂർ ആയിഷയ്ക്ക്.
കീഴാറ്റൂർ അനിയൻ ചെയർമാനും എൻ. നിതീഷ് കണ്‍വീനറുമായ പുരസ്കാര സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. വെല്ലുവിളികൾ നിറഞ്ഞ കാലത്ത് മത യാഥാസ്ഥിതികത്വത്തിനെതിരേ കലയിലൂടെ കലാപമുയർത്തി സാമൂഹ്യ പരിഷ്കരണവും സ്ത്രീ വിമോചനവും സാധ്യമാക്കിയ ധീരയായ കലാകാരിയാണ് നിലന്പൂർ ആയിഷയെന്ന് പുരസ്കാര സമിതി വിലയിരുത്തി.11,111 രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. 25ന് വൈകുന്നേരം 6.30ന് കീഴാറ്റൂർ പൂന്താനം സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി പുരസ്കാരം സമർപ്പണം നിർവഹിക്കും. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം സൗപർണികയുടെ "ഇതിഹാസം’ നാടകവും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ കീഴാറ്റൂർ അനിയൻ, എൻ. നിതീഷ്, ആർട്സിന്റെ ജനറൽ സെക്രട്ടറി ജോമി ജോർജ്, പ്രസിഡന്റ് കെ. മുഹമ്മദ് അബ്ദുറഹിമാൻ, കെ. വികാസ് പങ്കെടുത്തു.