കോട്ടക്കുന്ന് പാർക്കിൽ ഫണ്ട് ചെലവഴിക്കുന്നതിൽ അഴിമതിയെന്ന്
1283283
Saturday, April 1, 2023 11:24 PM IST
മലപ്പുറം: അഴിമതി നിവാരണത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. ഒന്‍പത് പരാതികളാണ് ലഭിച്ചത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ.എം മെഹറലി, ജില്ലാ അഴിമതി നിവാരണ സമിതി അംഗങ്ങളായ പി. നാരായണൻകുട്ടി മേനോൻ, ഹുസൂർ ശിരസ്തദാർ കെ. അലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്നത്. മക്കരപ്പറന്പ് ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വരുന്ന പൊതുഫണ്ട് ദുർവിനിയോഗം ചെയ്തെന്ന പരാതി പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് കൈമാറി.
കൊണ്ടോട്ടി താലൂക്കിലെ വാഴയൂർ അഞ്ചാം വാർഡിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ, വാഴയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കൈമാറും. മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കുമായി ബന്ധപ്പെട്ട് ഫണ്ട് ചെലവഴിക്കുന്നതിലും നടത്തിപ്പിലും അഴിമതി നടക്കുന്നുവെന്ന് സൂചിപ്പിച്ച് കോട്ടക്കുന്ന് സംരക്ഷണ സമിതി നൽകിയ പരാതി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന് കൈമാറും. ബാക്കിയുള്ള പരാതികൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു