വിമലഹൃദയാശ്രമത്തിലെ"ആകാശപറവ’കളെ സന്ദർശിച്ചു കുരുന്നുകൾ
1281036
Sunday, March 26, 2023 12:09 AM IST
മേലാറ്റൂർ: അഗതികളും അശരണരും രോഗികളുമായ അനേകരെ സംരക്ഷിക്കുന്ന തുവൂരിലെ വിമലഹൃദയാശ്രമം മേലാറ്റൂർ ചോലക്കുളം ടി.എം ജേക്കബ് മെമ്മോറിയൽ എൽപി സ്കൂളിലെ ജെആർസി കേഡറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സന്ദർശിച്ചു.
സ്കൂളിന്റെ വകയായി ആശ്രമത്തിൽ ഒരുക്കിയ സ്നേഹവിരുന്നിൽ അഗതികളോടൊപ്പം കുരുന്നുകൾ പങ്കെടുത്തു. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരും മനോനില തെറ്റിയവരും മാറാവ്യാധികളാലും മറ്റും സംരക്ഷിക്കപ്പെടാൻ ആരോരുമില്ലാത്ത അനാഥരായി അലയുന്നവരുമായ നൂറുക്കണക്കിനു നിരാലംബരെ കൂട്ടികൊണ്ടുവന്ന് ചികിത്സയും സ്നേഹപരിലാളനയും നൽകി ആകാശപറവകളുടെ ആലയമെന്ന സ്നേഹ കൂടാരത്തിൽ പരിപാലിക്കുന്നതിനെക്കുറിച്ച് വിമലഹൃദയാശ്രമ മേലധികാരി സിസ്റ്റർ ജോസി കുരുന്നുകളോട് വിവരിച്ചു.
തങ്ങളുടെ സന്തോഷദിനങ്ങളിലെ ആർഭാടങ്ങളും അമിതമായ ആഘോഷങ്ങളുടെ ചെലവുകളുമെല്ലാം ഒഴിവാക്കി മുന്നൂറോളം വരുന്ന വിമലഹൃദയാശ്രമത്തിലെ അന്തേവാസികൾക്ക് ഒരു നേരത്തേ ഭക്ഷണമൊരുക്കി നിങ്ങളെപ്പോലെ ഇവിടെയെത്തുന്നവർ നിരവധിയാണെന്നും സിസ്റ്റർ ജോസി വിദ്യാർഥികളാടു പറഞ്ഞു. സ്കൂൾ മാനേജർ മാത്യു സെബാസ്റ്റ്യൻ, ജെആർസി കേഡറ്റുകളായ എൻ.സുകന്യ, വി.ശ്രീജ, അധ്യാപികമാരായ കെ.വനജ, എ. ശിശിര, പി.പ്രീത എന്നിവർ നേതൃത്വം നൽകി. വിമലഹൃദയാശ്രമത്തിലെ സിസ്റ്റർ ജോസി, സിസ്റ്റർ കിരണ്, സിസ്റ്റർ അഞ്ജന, സിസ്റ്റർ റീന എന്നിവർ കുട്ടികൾക്ക് സ്ഥാപന നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു.