സ്റ്റോക്ക് മാർക്കറ്റിംഗിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: പ്രതികളുമായി പോലിസ് തെളിവെടുപ്പ് നടത്തി
1280378
Thursday, March 23, 2023 11:51 PM IST
എടക്കര: സ്റ്റോക്ക് മാർക്കറ്റിംഗിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികളുമായി വഴിക്കടവ് പോലീസ് തെളിവെടുപ്പ് നടത്തി. കേസിലെ പ്രതികളായ കാട്ടുമഠത്തിൽ നിസാബുദ്ദീൻ(32), ചക്കിപ്പറന്പൻ മുഹമ്മദ് ഫഹദ് (34), വടക്കൻ ഇല്യാസ് (30) എന്നിവരെയാണ് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വഴിക്കടവ് മുണ്ടയിലെ നാഫി അസോസിയേറ്റ്സ് എൽഎൽപി എന്ന സ്ഥാപനത്തിലും പ്രതികളുടെ വീടുകളിലും പോലിസ് തെളിവെടുപ്പ് നടത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി പ്രതികളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലിൽ മേഖലയിലെ പ്രമുഖർവരെ തട്ടിപ്പിന് ഇരകളായാതായാണ് സൂചന. മാനഹാനി ഭയന്ന് ലക്ഷങ്ങൾ നഷ്ടപ്പെട്ട ഇവരാരും പോലിസിൽ പരാതി നൽകിയിട്ടില്ല. പ്രതികൾ തട്ടിപ്പിലൂടെ സമാഹരിച്ച പണമുപയോഗിച്ച് ദുബായിൽ പുതിയ ഓഫീസ് തുടങ്ങി തട്ടിപ്പ് നടത്താനുള്ള കരുനീക്കങ്ങൾ ആരംഭിച്ചിരുന്നു. പ്രതികൾ ദുബായിലേക്ക് കടക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ഓഹരി വിപണിയിൽ ലക്ഷങ്ങൾ മുടക്കിയാൽ കോടികൾ കൊയ്യാൻ സാധിക്കുമെന്ന് ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ ഫണ്ട് സ്വീകരിച്ചത്. എടക്കര, കാളികാവ് എന്നീ പോലിസ് സ്റ്റേഷനുകളിൽ പ്രതികൾക്ക് എതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതികളെ നിലന്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. തെളിവെടുപ്പ് സംഘത്തിൽ വഴിക്കടവ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ. മനോജ്, സിപിഒമാരായ റിയാസ് ചീനി, എസ്.പ്രശാന്ത് കുമാർ, ഇ.ജി.പ്രദീപ്, പി.വിനു എന്നിവരുമുണ്ടായിരുന്നു.