അമൃതം പൊയ്കയിൽ നീന്തൽ വശമാക്കി ആസാം വ്യവസായി
1263161
Sunday, January 29, 2023 11:24 PM IST
പെരിന്തൽമണ്ണ: ചികിത്സ തേടിയെത്തിയ ആസാം സ്വദേശി ചികിത്സയുടെ ഭാഗമായി നീന്തൽ വശമാക്കി നാട്ടിലേക്കു മടങ്ങാനൊരുങ്ങുന്നു. ആസാമിലെ സോണിത്പുർ സ്വദേശിയായ ശ്യാമന്ദ് ലേഹ്ഖർ (58) തന്നെ അലട്ടിയിരുന്ന നടുവേദനയും കാലുവേദനയും നടക്കുവാനുള്ള പ്രയാസങ്ങൾക്കും ചികിത്സ തേടിയാണ് പെരിന്തൽമണ്ണയിലെ ഡോ.പി. കൃഷ്ണദാസിനെ സമീപിച്ചത്. ചികിത്സയുടെ ഭാഗമായി രാവിലെ അമൃതം പൊയ്കയിൽ വ്യായാമത്തിനെത്തിയപ്പോഴാണ് തനിക്ക് നീന്തൽ പഠിക്കണമെന്നു ഇദ്ദേഹം ആവശ്യമുന്നയിച്ചത്. ശ്യാമന്ദിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രമേഹരോഗബാധയും ഉറക്കമില്ലായ്മ, നടുവേദന തുടങ്ങിയവ മാറി കിട്ടാൻ നീന്തൽ ഗുണകരമായതിനാൽ ശ്യാമന്ദ്് നീന്തൽ പഠനം ആരംഭിച്ചു.
ആസാമിൽ ടൂറിസം രംഗത്തും റിസോർട്ട്, ഹോട്ടൽ, വ്യവസായ രംഗത്തും പ്രമുഖനായ ശ്യാമന്ദ്, പരന്പരാഗത ജലാശയങ്ങൾ, സസ്യജാലങ്ങൾ സംരക്ഷിക്കുന്നതിലും ഏറെ മുന്പന്തിയിലാണ്. ആസാമിലെ സോണിത്പൂരിൽ ബ്രഹ്മപുത്രാ നദിയുടെ തീരത്താണ് താമസമെങ്കിലും തനിക്ക് നീന്തൽ പഠിക്കാനുള്ള അവസരം ലഭിച്ചത് പെരിന്തൽമണ്ണയിലെ അമൃതം പൊയ്കയിലാണെന്നു ഇദ്ദേഹം പറയുന്നു. പരിസ്ഥിതി സംരക്ഷണം, യോഗ, നീന്തൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയനായ ശ്യാമന്ദിന് പരിസ്ഥിതി സംഘടനയായ ഓയിസ്ക് ഇന്റർനാഷണൽ മലപ്പുറം ജില്ലാ ചാപ്റ്റർ സെക്രട്ടറി ഡോക്ടർ പി. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഡോക്ടർമാരായ ഷീബ കൃഷ്ണദാസ്, പി. ശാലി രാജീവ്, നീന്തൽ പരിശീലക കെ. നളിനി ദേവി എന്നിവർ പ്രസംഗിച്ചു. ശ്യാമന്ദിന്റെ ക്ഷണം സ്വീകരിച്ച് ആസാമിലെ നദികളും വനങ്ങളും നാഷണൽ പാർക്കുകളും സന്ദർശിക്കാൻ ഓയിസ്ക അംഗങ്ങൾ ഉടൻ യാത്രതിരിക്കും.