പാറശാല താലൂക്ക് ആശുപത്രിയില്‍ വെള്ളമില്ലെന്ന് പരാതി
1592673
Thursday, September 18, 2025 7:06 AM IST
പാറശാല: അടുത്തിടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം നടത്തിയ പാറശാല താലൂക്ക് ആശുപത്രിയില്‍ വെള്ളമില്ലെന്നു പരാതി. മുകളിലത്തെ നിലയിലെ കുട്ടികളുടെ വാര്‍ഡിലുള്‍പ്പെട്ട പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും വെള്ളം ലഭിക്കുന്നില്ലെന്നാണു രോഗികളും കൂട്ടിരുപ്പുകാരും പറയുന്നത്. ഒരാഴ്ചയായി ആശുപത്രി അധികൃതരോട് പരാതിപ്പെടുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ശുചിമുറിയിലുള്പ്പെടെ വെള്ളമില്ലാത്ത നിലയില്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ല. ഇതു സംബന്ധിച്ച് പ്ലംബിംഗ് കരാറുകാരെയും തൊഴിലാളികളെയും കുറ്റപ്പെടുത്തുന്നതല്ലാതെ തകരാര്‍ പരിഹരിക്കാന്‍ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കുന്നതെന്നാണ് ആരോപണം.
മുകളിലത്തെ നിലയിലെ വാര്‍ഡുകളിലെ രോഗികളും കൂട്ടിരിപ്പുകാരും താഴെയെത്തി വെള്ളം ശേഖരിച്ച് മുകളിലെത്തിച്ച് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുകയാണ്.താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സിലെ ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.