പോലീസുകാര്‍ക്ക് ആശ്വാസം : ക്ലിഫ്ഹൗസിലെ തകർന്ന ടോയ്ലെറ്റുകള് പുതുമോടിയില്‍
1592669
Thursday, September 18, 2025 7:01 AM IST
പേരൂര്‍ക്കട: നന്തന്‍കോട് ക്ലിഫ്ഹൗസ് കോമ്പൗണ്ടിലെ ടോയ്ലെറ്റുകള് പുതുമോടിയില്‍. ഇതോടുകൂടി ഇവിടെ റോഡില്‍ ഡ്യൂട്ടിയിലേർപ്പെടുന്ന പോലീസുകാരുടെ മാസങ്ങളായുള്ള പരാതികള്‍ക്ക് പരിഹാരമായി. ക്ലിഫ് ഹൗസ് കോമ്പൗണ്ടില്‍ സ്ഥാപിച്ചിട്ടുള്ള മൂന്നു ടോയ്ലെറ്റുകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് സെപ് തംബര്‍ 15നു ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ അധികാരികള്‍ അടിയന്തരമായി ഇടപെട്ട് ടോയ്ലെറ്റുകളില് പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. ടോയ്ലെറ്റുകളുടെ ഡോറുകളില്‍ കൊളുത്തുകള്‍ സ്ഥാപിച്ചു. മാലിന്യപൂരിതമായിക്കിടന്ന ടൈലുകള്‍ പാകിയ തറ ശുചീകരിച്ചു. യൂറോപ്യന്‍ ക്ലോസറ്റുകള്‍ക്ക് മൂടികള്‍ സ്ഥാപിച്ചു.
പ്രവര്‍ത്തനരഹിതമായിക്കിടന്ന ഫ്ളഷുകള്‍ അറ്റകുറ്റപ്പണി ചെയ്തു. ക്ലോസറ്റിലേക്കുള്ള പൈപ്പില്‍ പുതിയ ടാപ്പ് സ്ഥാപിച്ചു. ടോയ്ലെറ്റില് പുതിയൊരു ബക്കറ്റ് വാങ്ങിവച്ചു. ഇതുകൂടാതെ പുതിയൊരു വാഷ്ബെയ്സിനും അതിനടുത്ത് എല്‍ഇഡി ലൈറ്റും സ്ഥാപിച്ചു.
അഡീഷണല്‍ ബെനിഫിറ്റായി എക്സ്ഹോസ്റ്റ് ഫാനുകളും....!! രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ചശേഷം കാര്യമായി ശുചീകരണമില്ലാതെ കിടന്ന ഇവിടെ ചുമരുകള്കൂടി വൃത്തിയാക്കിയതോടെ പുതുപുത്തനായി മാറിയ ടോയ്ലെറ്റുകള് കാണുന്ന പോലീസുകാര്‍ക്കും സന്തോഷം.