ശൗചാലയ നിർമാണ ഫണ്ട് വിതരണത്തില്‍ വീഴ്ചയെന്ന് ആരോപണം : ബിജെപി കൗണ്‍സിലര്‍മാർ ക്ലോസറ്റുമായി പ്രതിഷേധിച്ചു
1592668
Thursday, September 18, 2025 7:01 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ ഗുണഭോക്താക്കൾക്കു ശൗചാലയ നിർമാണത്തിന് വേണ്ടിയുള്ള ഫണ്ടു നല്‍കിയില്ലെന്ന് ആരോപിച്ച് ബിജെപി പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയെ ഉപരോധിച്ചു.
ക്ലോസറ്റുമായി നഗരസഭ ഓഫീസിലെത്തിയ ബിജെപി കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയുടെ മുറിയില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ആവശ്യം അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
ശൗചാലയ നിര്‍മാണവുമായി ബന്ധപ്പെട്ടു നഗരസഭ നല്കിയ നിര്‍ദേശങ്ങള്‍ ഗുണഭോക്താക്കള്‍ പാലിച്ചു. അതേ സമയം, ആദ്യഘട്ട തുകയായ പതിനായിരം രൂപ എല്ലാ ഗുണഭോക്താക്കള്‍ക്കും നല്കിയില്ലായെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പണി പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്കും തുക നൽകിയിട്ടില്ല. ഈ നടപടികളില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയെ ഉപരോധിച്ചതെന്നു കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
സെക്രട്ടറി അനുകൂല തീരുമാനം അറിയിച്ചെങ്കിലും ഈ മാസം ശൗചാലയ നിര്‍മാണ സംബന്ധിയായ തുക നല്കാതിരുന്നാല് ഗുണഭോക്താക്കളുമൊരുമിച്ചു ജനകീയ സമരം ആസൂത്രണം ചെയ്യുമെന്നും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ വ്യക്തമാക്കി. കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, വേണുഗോപാൽ, അജിത, കല എന്നിവര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു.