സ്കൂൾ ബസ് മോഷണം: നാലു പ്രതികൾ പിടിയിൽ
1592662
Thursday, September 18, 2025 7:01 AM IST
പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആൾ
ഊരൂട്ടുമ്പലം: ഊരൂട്ടമ്പലം ഗവ. എൽപി സ്കൂളിലെ വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്ന സ്വകാര്യ മിനി വാൻ മോഷ്ടിച്ച പ്രതികളെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഊരുട്ടമ്പലം വേലിക്കോട് അഖിൽ നിവാസിൽ ബി. അഖിൽബാബു(20), ഊരുട്ടമ്പലം വേലിക്കോട് പുളിയറതലയ് ക്കൽ വീട്ടിൽ എസ്. ജയസൂര്യ (18), ഊരുട്ടമ്പലം കിടാപള്ളി സജിൻ നിവാസിൽ ജെ. സജിൻ(21)എന്നിവരും പ്രായപൂർത്തിയാകാ ത്ത ഒരാളുമാണ് അറസ്റ്റിലായത്.
മുക്കംപാലമൂട് ഫിലോമിനയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര വാനാണ് ഇന്നലെ പുലർച്ചെ മോഷണം പോയത്. കഴിഞ്ഞ ഒരുമാസമായി നീറമൺകുഴിയിലുള്ള അജു ഈ വാഹനം വാടകയ്ക്ക് എടുത്താണ് കുട്ടികളെ സ്കൂളിൽ കൊണ്ടു പോയിരുന്നത്. വാൻ ഊരുട്ടമ്പലം ജംഗ്ഷനിലാണ് പാർക്ക് ചെയ്തിരുന്നത്. അജു തിങ്കൾ രാവിലെ 7.30നു വാഹനം എടുക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
സമീപത്തെ സിസിടിവി കാമറയിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. മാറനല്ലൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളെ നാട്ടുകാർ തടഞ്ഞുവച്ചു നെയ്യാറ്റിൻകര പോലീസിനെ ഏല്പിച്ചു.
തുടർന്നു മോഷ്ടാക്കളെ കസ്റ്റഡിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നു മാറനല്ലൂർ പോലിസ് പറഞ്ഞു. കോവളം കാണാനാണ് വാഹനം മോഷ്ടിച്ചതെന്നാണു പ്രതികൾ പോലീസിനോടു പറഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.