പുറന്പോക്ക് തിരിച്ചുപിടിക്കൽ : മുന്നറിയിപ്പില്ലാതെ വീടുകൾ പൊളിക്കാനുള്ള ശ്രമം തടഞ്ഞു
1592661
Thursday, September 18, 2025 7:01 AM IST
നെടുമങ്ങാട്: അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട മുണ്ടേല മുതൽ കൂവക്കുടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിൽ അളന്നു തിട്ടപ്പെടുത്തിയിട്ടുള്ള പുറമ്പോക്കുകൾ തിരിച്ചു പിടിക്കാൻ പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥരുടെ സംഘത്തെ നാട്ടുകാർ തടഞ്ഞു. ആര്യനാട് -അരുവിക്കര പോലീസിന്റെ അകമ്പടിയോടെ ജെസിബിയും ടിപ്പറുമായി വീടുകൾ ഇടിച്ചുനിരത്താനുള്ള ശ്രമമാണു നാട്ടുകാർ തടഞ്ഞത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടപടിക്കായി എത്തുനമെന്നു പൊതുമരാമത്ത് അധികൃതർ പ്രദേശവാസികളെ അറിയിച്ചിരുന്നു. എന്നാൽ 29-ാം തീയതിവരെ പ്രദേശത്തെ നടപടികൾ തടഞ്ഞു കോടതിയിൽനിന്നും ഉത്തരവുള്ളപ്പോഴാണ് ഗ്രാമപഞ്ചായത്തുകളെ പോലും അറിയിക്കാതെ പൊതുമരാമത്ത് നടപടിക്കായി എത്തിയത്.
ഇന്നലെ രാവിലെ പത്തരയോടെ എത്തിയ സംഘം നടപടി ആരംഭിച്ചപ്പോൾത്തന്നെ നാട്ടുകാരുടെ വൻ പ്രതിഷേധം ഉണ്ടായി. വീട്ടമ്മമാർ മണ്ണെണ്ണ കുപ്പിയുമായി ജെസിബിക്കു മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കി.
മുണ്ടേല മുതൽ കൂവക്കുടി വരെയുള്ള ആറോളം വീടുകളാണ് അരുവിക്കര പോലീസിന്റെ സഹായത്താൽ പിഡബ്ല്യുഡിയും റവന്യൂ വിഭാഗം ചേർന്നു പൊളിച്ചു മാറ്റാൻ എത്തിയത്. തുടർന്നു നാട്ടുകാരുടെ എതിർപ്പിൽ ചർച്ച ചെയ്യാമെന്ന തീരുമാനത്തിൽ ഉദ്യോഗസ്ഥസംഘം പിരിഞ്ഞു.
മൂന്നുവർഷം മുമ്പ് സോമനാഥൻ നായർ എന്ന വ്യക്തി ഈ സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്ന് കാണിച്ച് ലോകായുക്തയ്ക്കു പരാതി നൽകിയിരുന്നു. അതിനുശേഷം നെട്ടിറച്ചിറ, പൂവച്ചൽ റോഡിന്റെ നവീകരണം നടന്നിരുന്നു. ഇതിന്റെ ഭാഗമായി റോഡിന്റെ ഇരുവശവും ഓട നിർമാണം പൂർത്തിയാക്കി റോഡ് നവീകരണവും കഴിഞ്ഞു.
ഈ ഭാഗത്താണിപ്പോൾ വീണ്ടും പുറമ്പോക്ക് ഭൂമി തിരിച്ചു പിടിക്കുന്നുവെന്ന പേരിൽ ഉദ്യോഗസ്ഥ സംഘം എത്തിയത്. ലോകായുക്തയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു തങ്ങൾ എത്തിയതെന്നു റവന്യൂ സംഘം അറിയിച്ചു. എന്നാൽ റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടുനൽകിയതാണെന്നും ഇനി ഭൂമി നൽകാൻ ആകിലെ്ലന്നും നാട്ടുകാർ വാദിച്ചു. പരാതിക്കാരൻ ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ചു വിധി നേടിയെടുത്തതാണെന്നും ആ വിധി പകർപ്പ് തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചു.
തുടർന്ന് അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല സ്ഥലത്തെത്തി റവന്യൂ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പഞ്ചായത്തിലും അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും പഞ്ചായത്തും തഹസിൽദാറും റവന്യൂ വകുപ്പും പിഡബ്ല്യുഡിയും ചേർന്നു ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കാം എന്ന് അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ പിരിഞ്ഞു.