തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ഉദ്ഘാടനം ഇന്ന്
1590759
Thursday, September 11, 2025 6:31 AM IST
വലിയതുറ: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ നടപ്പിലാക്കുന്ന "ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ -ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം' തിരുവനന്തപുരം വിമാനത്താവളത്തില്‍ നടപ്പിലാക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 11.30നു കേന്ദ്ര ആഭ്യന്തര-സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ വെര്‍ച്വലായി നിര്‍വഹിക്കും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ -2 ലെ ഡിപ്പാര്‍ച്ചര്‍ ഏരിയായില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നടക്കുക. ഇതോടെ യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പ്രക്രിയ സുഗമമാകും.
ഇന്ത്യന്‍ പൗരന്മാര്, ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് കൈവശമുള്ള വിദേശ പൗരന്മാര് എന്നിവര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് ഇമി ഗ്രേഷന്‍-ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം ആരംഭിച്ചത്. യോഗ്യരായ അപേക്ഷകര്‍, അപേക്ഷാ ഫോമില്‍ നല്‍കിയിരിക്കുന്ന ഡാറ്റ ഫീല്‍ഡുകള്‍ അനുസരിച്ച് ആവശ്യമായ വിവരങ്ങള്‍ക്ക് പുറമേ ബയോമെട്രിക്സ് (വിരലടയാളവും മുഖചിത്രവും) നല്‍കേണ്ടതുണ്ട്. ആവശ്യമായ പരിശോധനകളും യോഗ്യതയും അടിസ്ഥാനമാക്കിയാണു പ്രോഗ്രാമിലേക്കുള്ള എന്റോള്‍മെന്റ് നടത്തുക. എഫ്ടിഐ-ടിടിപിയുടെ കീഴിലുളള ഇ-ഗേറ്റ്സ് സൗകര്യം ഇപ്പോള്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളില്‍ ലഭ്യമാണ്.