മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുക ലക്ഷ്യം: മന്ത്രി
1590762
Thursday, September 11, 2025 6:31 AM IST
തിരുവനന്തപുരം: മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുകയാണ് അടുത്ത ലക്ഷ്യമെന്നും ഇതിൽ കുടുംബശ്രീക്ക് നിർണായക പങ്കു വഹിക്കാനാവുമെന്നും മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിക്കുന്ന റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ -ത്രിദിന ദേശീയ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീ മുഖേന സംസ്ഥാനത്തു നടപ്പാക്കുന്ന സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം അംബ്രല്ല പദ്ധതിയുടെ കീഴിൽ വരുന്ന സംരംഭകത്വ വികസന പദ്ധതികളിൽ ഉൾപ്പെട്ട ഒരു ഉപപദ്ധതിയാണ് ഇൻക്യുബേറ്റർ. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണു നിലവിൽ ഇൻക്യുബേറ്റർ പദ്ധതി നടപ്പാക്കുന്നത്.
വിപണിയിൽ വിജയിക്കാൻ പ്രയാസം നേരിടുന്ന ഉൽപാദന സേവന മേഖലകളിലെ സംരംഭങ്ങൾക്ക് ഇൻക്യുബേറ്റർ പദ്ധതി വഴി ആവശ്യമായ പിന്തുണകൾ ലഭ്യമാക്കും. ഇങ്ങനെ ഒാരോ കാലഘട്ടത്തിലും നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ട് സ്വയം ആധുനികവത്കരിച്ചു കൊണ്ടാണു കുടുംബശ്രീയുടെ പ്രവർത്തനങ്ങളെന്നും മന്ത്രി പറഞ്ഞു.
ഗ്രാമീണ മേഖലയിലെ സംരംഭകർക്ക് സുസ്ഥിര ഉപജീവന മാർഗമൊരുക്കുന്നതിന്റെ ഭാഗമായി ഉൽപാദനം മുതൽ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ ആവശ്യമായ പിന്തുണകൾ ലഭ്യമാക്കി ശക്തവും വിപുലവുമായ സംരംഭക ശൃംഖല സൃഷ്ടിക്കാനാവുമെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശൈലേഷ് കുമാർ സിംഗ് ഒാൺലൈനായി പങ്കെടുത്തു കൊണ്ട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ എസ്.എം. രാജേശ്വരി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.