മാറനല്ലൂരിൽ യുവാക്കൾക്ക് പോലീസിന്റെ ക്രൂരമർദനം: വിവരങ്ങൾ പുറത്ത്
1591069
Friday, September 12, 2025 6:20 AM IST
യുവാക്കളെ ക്രൂരമായി മർദിച്ചത് കഴിഞ്ഞ ഡിസംബറിൽ
മാറനല്ലൂർ: സ്വകാര്യ ഭാഗത്ത് മുളക് സ്പ്രേ അടിച്ചു. പിന്നാലെ തേങ്ങാകൊണ്ടു പുറത്തടിച്ചു. മാറനല്ലൂരിലെ പോലീസിന്റെ ക്രൂരമർദന വിവരങ്ങൾ പുറത്ത്.
ആളുമാറി വീട്ടിൽ കയറിയതു ചോദ്യം ചെയ്ത യുവാക്കളെ പോലീസ് അതിക്രൂരമായി മർദിച്ച വിവരമാണു പുറത്തായിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. സിഐ ഷിബു, എസ്ഐ കിരൺ എന്നിവരാണ് മൂന്നു യുവാക്കളെ മർദിച്ചു കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചത്.
കുന്നംകുളത്തും പീച്ചിയിലും പോലീസ് മർദനങ്ങൾ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് പുതിയസംഭവം പുറത്തായിരിക്കുന്നത്. മാറനല്ലൂർ കോട്ടുമുകൾ സ്വദേശികളും സഹോദരങ്ങളുമായ ശരത്, ശരൺ, ഇവരുടെ സുഹൃത്ത് വിനു എന്നിവർക്കാണ് മർദനമേറ്റത്. ഡിസംബർ 22നു രാത്രി യുവാക്കൾ വീടിനു മുന്നിലിരിക്കുകയായിരുന്നു.
ആ സമയത്താണു നാലുപേർ അയൽവാസിയായ വിനോദിന്റെ വീട്ടുമതിൽ ചാടിക്കടക്കുന്നതു കണ്ടത്. യുവാക്കൾ ഇവരെ തടഞ്ഞുനിർത്തി കാര്യം അന്വേഷിക്കുന്നതിനിടെ വീടിനുള്ളിൽനിന്നു പോലീസ് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥൻ പുറത്തേക്കു വന്നു.
മതിൽ ചാടിയതു മഫ്തിയിലുള്ള പോലീസുകാരാണെന്നും കഞ്ചാവുകേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നതെന്നും യുവാക്കൾ അറിയുന്നത് അപ്പോഴായിരുന്നു.
എന്നാൽ പോലീസ് യുവാക്കളെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്കു കൊണ്ടു പോകുകയായിരുന്നു. തുടർന്നു യുവാക്കളെ ക്രൂരമായി മർദിക്കുകയും ക്യത്യനിർവഹണം തടസപ്പെടുത്തിയതിനു കേസെടുക്കുകയുമായിരുന്നു. മർദനത്തിന്റെ ഭാഗമായി കാലിന്റെ ഇടയിൽ തലപിടിച്ചുവച്ച ശേഷം പോലീസുകാർ തേങ്ങ കൊണ്ടു പുറത്തിടിച്ചെന്നും കണ്ണിലും വായിലും കുരുമുളക് സ്പ്രേ അടിച്ചെന്നും യുവാക്കൾ ആരോപിക്കുന്നു. സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്പ്രേ അടിച്ചെന്നും യുവാക്കൾ ആരോപിക്കുന്നു.
തുടർന്നു ജയിലിലായതോടെ യുവാക്കളുടെ ജീവിതവും ജോലിയും പ്രതിസന്ധിയിലായി. ഇവർ നിയമനടപടികൾ സ്വീകരിച്ചതിനുപിന്നാലെ സിഐ ഷിബുവും എസ്ഐ കിരണും ഒത്തുതീർപ്പിനായി എത്തിയിരുന്നുവെന്നും യുവാക്കൾ പറയുന്നു. എന്നാൽ കേസുമായി മുന്നോട്ടു പോകുകയാഎന്നും ഒരു ഒത്തു തീർപ്പിനും തയാറല്ലെന്നും യുവാക്കൾ പറഞ്ഞു.