യുവാവിനെ മര്‍ദിച്ച സംഭവം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു
1575336
Sunday, July 13, 2025 7:08 AM IST
പേരൂര്‍ക്കട: മെഡിക്കല്‍കോളജ് സ്വദേശി അബ്ദുള്ളയെ (20) ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍വച്ചു മര്‍ദിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇനി രണ്ടുപേര്കൂടിയാണു പിടിയിലാകാനുള്ളത്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുന്ന ജിതിന്, സച്ചു, ജ്യോതിഷ് എന്നിവരുമായി ബന്ധമുള്ള കൂട്ടുപ്രതികളാണ് ഇവര്‍.
ജൂലൈ എട്ടിനാണു പ്രതികളിലൊരാളായ ജ്യോതിസിനെ എക്സൈസ് സംഘത്തിനു കാണിച്ചുകൊടുത്ത വിരോധത്തില്‍ അബ്ദുള്ളയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും തലമൊട്ടയടിക്കുകയും ചെയ്തത്. പിടിയിലായ ജ്യോതിസില്നിന്ന് എക്സൈസുകാര് കഞ്ചാവ് കണ്ടെടുക്കുകയുണ്ടായി.
നാലാഞ്ചിറ കുരിശടിക്കു സമീപമായിരുന്നു അബ്ദുള്ളയെ എത്തിച്ച് ആദ്യം ആക്രമിച്ചത്. പിന്നീട് വട്ടിയൂര്‍ക്കാവിലെ ഒരു ഫാമില്‍വച്ചു മര്‍ദിച്ചുവെന്നായിരുന്നു ആദ്യസൂചനയെങ്കിലും രണ്ടാമത്തെ മര്‍ദനം ഒരു വീട്ടില്‍വച്ചായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയുണ്ടായി. അതേസമയം അബ്ദുള്ളയെ പേട്ട സ്റ്റേഷന് പരിധിയില്‍ വച്ചാണ് തട്ടിക്കൊണ്ടുപോയത് എന്നതിനാല്‍ കേസ് പേട്ട സ്റ്റേഷനു കൈമാനാണ് തീരുമാനം.