ചെങ്കല്ല് നിര്‍മാണത്തിനുള്ള മണ്ണെടുക്കൽ നാട്ടുകാർ തടഞ്ഞു
1575143
Saturday, July 12, 2025 6:49 AM IST
പാറശാല: അനധികൃത മണ്ണ് ഖനനം നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാക്കേറ്റം. ചെങ്കല്‍ പഞ്ചായത്തിലെ നൊച്ചിയൂരില് പ്രവര്‍ത്തിക്കുന്ന ചെങ്കല്ല് നിര്‍മാണ കേന്ദ്രമാണ് നെയ്യാറിന്റെ ബണ്ടിനോട് ചേര്‍ന്ന് അനധികൃത മണ്ണ് ഖനനം നടത്തുന്നതായി ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയത്.
പുറത്തു നിന്നെത്തിക്കുന്ന കളിമണ്ണ് നെയ്യാറിന്റെ ബണ്ടില്‍ നിക്ഷേപിച്ചശേഷം ബണ്ടിലെ മണ്ണും കളിമണ്ണും യന്ത്രസഹായത്താല്‍ ചേര്‍ത്ത് ചെങ്കല്‍ നിര്‍മാണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുവാനുള്ള ശ്രമമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞത്. മണ്ണ് ഖനനം നടത്തിയ തൊഴിലാളികളും തടയാന്‍ ശ്രമിച്ച നാട്ടുകാരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിന്റെ വക്കോളമെത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ പാറശാല പോലീസ് ഖനനം താത്കാലികമായി നിര്‍ത്തിവയ്പിച്ചു.
കൃഷിയിടങ്ങളോട് ചേര്‍ന്നുള്ള പ്രദേശത്ത് നടക്കുന്ന അനധികൃതഖനനം ബണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഖനനം തടഞ്ഞത്. പുറത്തുനിന്ന് ജെസിബി അടക്കമുള്ള യന്ത്രങ്ങളെത്തിച്ച് വന്‍തോതിലുള്ള ഖനനമാണ് ഇവിടെ നടക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പെ അനധികൃത മണ്ണ് ഖനനം നടത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷങ്ങളുണ്ടായിരുന്നു.
അന്ന് നിര്‍ത്തി വച്ച ഖനനമാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. ചെങ്കല്‍ പഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്കാകെ ഭീഷണിയായി മാറിയിട്ടുള്ള അനധികൃത മണ്ണ് ഖനനം തടയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.