അരുമാനിച്ചൽ കുളം ബണ്ട് റോഡ് തകർന്നു
1575337
Sunday, July 13, 2025 7:08 AM IST
നിലമാമൂട്: കുന്നത്തുകാൽ പഞ്ചായത്തിലെ കോട്ടുക്കോണം വാർഡിലെ അരുമാനിച്ചൽ കുളം ബണ്ട് റോഡ് തകർന്നിട്ട് മാസങ്ങൾ. കുളത്തിന്റെ ഒരുഭാഗം കോൺക്രീറ്റു ചെയ്തു വീതികൂട്ടിയാണ് ചെറുപുന്നക്കാല നിന്നും കൈതോട്ടുകോണം നെട്ടുവടി റോഡുമായി ബന്ധിക്കാൻ അരുമാനിച്ചൽ കുളം ബണ്ട് റോഡ് നിർമാണം ആരംഭിച്ചത്.
എന്നാൽ നിർമാണം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. ഇതുമൂലം കൈതോട്ടുകോണത്തുള്ള കുന്നത്തുകാൽ ഗവ. ഹരിജൻ വെൽഫെയർ സ്കൂളിൽ പോകുന്ന കുട്ടികൾക്കും നാട്ടുകാർക്കും കാൽനടയാത്രപോലും ഈ റോഡുവഴി സാധിക്കുന്നില്ല.
കാലായിൽ വാർഡിലെ കട്ടച്ചൽവിള നിന്നും പുന്നക്കാലവഴി കോട്ടുക്കോണത്തുവന്നു ചേരുന്ന റോഡും പുതുക്കിപണിതു പകുതിയിലാക്കി. ഇതുമൂലം കോട്ടുക്കോണം എൽഎംഎസ് യുപി സ്കൂളിലേക്കും കുന്നത്തുകാൽ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും പോകുന്നതിനും ബുദ്ധിമുട്ടുകളുണ്ട്.
ചെറിയകൊല്ല-അന്പലക്കാല-പരപ്പിയൻതല റോഡ്, കീഴേ താന്നിക്കുഴി- അരുവിയോട് റോഡ്, നാറാണി-ഇടുക്കത്തുകോണം- പള്ളിവിള റോഡ്, കല്ലറത്തല-കുന്നത്തുകാൽ റോഡ് എന്നിവയും തകർന്നു കിടക്കുകയാണ്. ഇരുചക്ര വാഹന യാത്രികരും ബുദ്ധിമുട്ടു നേരിടുകയാണ്.